എയിംസിന്റെ ബി.എസ്സി. ഓണേഴ്സ് നഴ്സിങ് പ്രോഗ്രാമിന്റെ പ്രവേശനപരീക്ഷയുടെ സിലബസ് എന്താണ്? എവിടെ കിട്ടും?-ബിന്ദു, തിരുവനന്തപുരം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), വിവിധ കേന്ദ്രങ്ങളിൽ (ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ദിയോഗർ, ജോദ്പുർ, നാഗ്പുർ, പട്ന, റായ്പുർ, ഋഷികേശ്) നടത്തുന്ന നാലുവർഷ ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ് പ്രോഗ്രാം പ്രവേശനത്തിന് പൊതുവായ പ്രവേശനപരീക്ഷയാണ് നടത്തുന്നത്.

രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒരു പേപ്പറാണ് പരീക്ഷയ്ക്കുണ്ടാവുക. അതിൽ നാല് ഭാഗങ്ങളിലായി ഒബ്ജക്ടീവ് ടൈപ്പ് രീതിയിൽ, മൊത്തം 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. പാർട്ട് എ - ഫിസിക്സ് (30 ചോദ്യങ്ങൾ), പാർട്ട് ബി- കെമിസ്ട്രി (30), പാർട്ട് സി- ബയോളജി (30), പാർട് ഡി- ജനറൽ നോളജ് (10).

ഒരു ഇന്ത്യൻ ബോർഡിന്റെയോ സർവകലാശാലയുടെയോ 10+2 സ്കീം/തത്തുല്യ പരീക്ഷയുടെ 12-ാം ക്ലാസിലെ പാഠ്യപദ്ധതിയും നിലവാരവും അടിസ്ഥാനമാക്കിയാകും പൊതുവേ ചോദ്യങ്ങൾ. ഈ പരീക്ഷയ്ക്കായി ഒരു പ്രത്യേക സിലബസ്, എയിംസ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് കിട്ടും. രേഖപ്പെടുത്തുന്ന ഉത്തരം തെറ്റാണെങ്കിൽ മൂന്നിലൊരു മാർക്ക് നഷ്ടപ്പെടും. പ്രവേശനപരീക്ഷയിൽ കിട്ടുന്ന മാർക്ക് പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് പ്രവേശനം.

ഒന്നിൽക്കൂടുതൽപേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ, പ്രവേശന പരീക്ഷയിൽ ബയോളജി, തുടർന്ന് കെമിസ്ട്രി, പിന്നീട് ഫിസിക്സ് എന്നീ ഭാഗങ്ങളിൽ ലഭിക്കുന്ന മാർക്ക്, ആ ക്രമത്തിൽ പരിഗണിച്ച് പരിഗണിക്കുന്ന വിഷയത്തിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന പരീക്ഷാർഥിക്ക് ഉയർന്ന റാങ്ക് നൽകും. മൂന്നുഘട്ടം പരിഗണന കഴിഞ്ഞും സമനില തുടർന്നാൽ പ്രായംകൂടിയ ആൾക്ക് ഉയർന്ന റാങ്ക് നൽകും.

പ്രത്യേക സിലബസ് പ്രസിദ്ധപ്പെടുത്താത്ത സാഹചര്യത്തിൽ നിങ്ങളുടെ ബോർഡിന്റെ പ്ലസ്ടു സിലബസ് അടിസ്ഥാനമാക്കി തയ്യാറെടുപ്പ് നടത്തുക. കൂടാതെ മറ്റു ദേശീയ ബോർഡുകളുടെ പ്ലസ് ടു സിലബസ്, ദേശീയ പരീക്ഷകളായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി), ഐ.സി.എ. ആർ. ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ (എ.ഐ.ഇ.ഇ.എ.) ടു യു.ജി. പ്രോഗ്രാംസ് എന്നിവയുടെ സിലബസും പരിശോധിക്കാം. പത്രവായന, പൊതുവായന, പൊതുഅവബോധം എന്നിവ മെച്ചപ്പെടുത്തി ജനറൽ നോളജ് ഭാഗത്തെ തയ്യാറെടുപ്പ് നടത്താം.

Content Highlights: Nursing Admission in AIIMS, Ask expert