പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ജെ.ഇ.ഇ. മെയിനിന് അപേക്ഷിച്ചു. എന്‍.ഐ.ടി., ഐ.ഐ.ടി. പ്രവേശനത്തിന് പ്ലസ്ടുവിന് എത്ര ശതമാനം മാര്‍ക്കു വേണം. എല്ലാ വിഷയവും പരിഗണിക്കുമോ?- ലാവണ്യ, പത്തനംതിട്ട
2021-ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് പരീക്ഷ വഴി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശനം തേടുന്നവര്‍ പ്ലസ്ടു തുല്യ പരീക്ഷ ജയിച്ചാല്‍ മതി. എന്നാല്‍, പ്ലസ്ടു കോഴ്‌സില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച വ്യവസ്ഥയുണ്ട്. ഐ.ഐ.ടി. പ്രവേശനം തേടുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത മറ്റൊരു വിഷയം (മൊത്തം അഞ്ചു വിഷയം) പഠിച്ചിരിക്കണം.
ജെ.ഇ.ഇ. മെയിന്‍ 2021ന്റെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പേജ് 20 ക്ലോസ് 17.1 അനുസരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), സെന്‍ട്രലി ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ഐ.) വിഭാഗം സ്ഥാപനങ്ങളിലെ ബി.ഇ./ബി.ടെക്./ബി.ആര്‍ക്./ബി.പ്ലാനിങ് പ്രവേശനത്തിന് പ്ലസ്ടുതല പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് (പട്ടികവിഭാഗക്കാര്‍ക്ക് 65 ശതമാനം) നേടുകയോ തന്റെ ബോര്‍ഡ് പരീക്ഷയില്‍ മുന്നിലെത്തുന്നവരുടെ ഇരുപതാം പെര്‍സന്റയില്‍ കട്ട്ഓഫ് വിഭാഗത്തില്‍ ഉള്‍പ്പെടുകയോ ചെയ്തിരിക്കണമെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്.
എന്നാല്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 2021 ഫെബ്രുവരി ഏഴിലെ പൊതു അറിയിപ്പില്‍കൂടി ഈ വ്യവസ്ഥയില്‍ ഇളവുവരുത്തിയതായി അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് ജെ.ഇ.ഇ. (മെയിന്‍) വഴിയുള്ള പ്രവേശനത്തിന് ജെ.ഇ.ഇ. മെയിന്‍ യോഗ്യത നേടുന്നവര്‍ പ്ലസ്ടു പരീക്ഷ ജയിച്ചാല്‍ മതി. പക്ഷേ, അഞ്ച് വിഷയങ്ങള്‍ പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം. എന്‍.ഐ.ടി. പ്ലസ് വിഭാഗത്തില്‍ ബി.ഇ./ബി.ടെക്. പ്രവേശനം തേടുന്നവര്‍ പ്ലസ്ടു തലത്തില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സും നിര്‍ബന്ധമായും പഠിച്ചിരിക്കണം.
കൂടാതെ, മൂന്നാം വിഷയമായി കെമിസ്ട്രി, ബയോളജി, ബയോടെക്‌നോളജി, ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം എന്നിവയിലൊന്നും ഒരു ഭാഷാവിഷയവും ഇവ നാലുമല്ലാത്ത ഒരു വിഷയവും പഠിച്ചിരിക്കണം. ബി.ആര്‍ക്. പ്രവേശനത്തിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, മറ്റു രണ്ടുവിഷയങ്ങള്‍ എന്നിവയും ബി.പ്ലാനിങ്ങിന് മാത്തമാറ്റിക്‌സും മറ്റു നാലുവിഷയങ്ങളും പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം.
ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Content Highlights: NIT, IIT admission and JEE exam, ask expert