ask expertപ്ലസ്ടു ബയോളജി -മാത്തമാറ്റിക്‌സ് പഠിക്കുന്നു. ന്യൂഡല്‍ഹിയിലെ നിഫ്റ്റില്‍ പഠിക്കാന്‍വേണ്ട യോഗ്യത എന്താണ്? പ്രവേശനം എങ്ങനെയാണ്? വിദേശത്ത് പ്ലേസ്മെന്റ് ലഭിക്കുമോ?

-അനഘ, എറണാകുളം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (നിഫ്റ്റ്) ന്യൂഡല്‍ഹി, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള 16 കേന്ദ്രങ്ങളിലേക്ക് ഒരു പൊതുപ്രവേശനപരീക്ഷ വഴിയാണ് ബിരുദ പ്രോഗ്രാം പ്രവേശനം നടത്തുന്നത്. ബിരുദതലത്തില്‍ രണ്ടു പ്രോഗ്രാമുകളാണുള്ളത്. ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) (ഫാഷന്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, ആക്‌സസറി ഡിസൈന്‍, ടെക്സ്‌റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍) പ്രോഗ്രാം പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ ഏതു സ്ട്രീമില്‍നിന്നും ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (അപ്പാരല്‍ പ്രൊഡക്ഷന്‍) പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചിരിക്കണം. ഉയര്‍ന്ന പ്രായപരിധി അപേക്ഷ ക്ഷണിക്കുന്ന വര്‍ഷം (പ്രവേശനവര്‍ഷത്തിന്റെ തലേവര്‍ഷം) ഒക്ടോബര്‍ ഒന്നിന് 23 വയസ്സാണ്. 2020 പ്രവേശനത്തിന് അപേക്ഷാസമര്‍പ്പണം 2019 ഒക്ടോബര്‍ 23 മുതല്‍ 31 വരെയായിരുന്നു. പ്രായം കണക്കാക്കിയിരുന്നത് 2019 ഒക്ടോബര്‍ ഒന്നു വെച്ചാണ്.

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രവേശനപരീക്ഷയ്ക്ക് ആദ്യഘട്ടത്തില്‍ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റും ജനറല്‍ എബിലിറ്റി ടെസ്റ്റും. ഇവയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ സിറ്റുവേഷന്‍ ടെസ്റ്റും ഉണ്ടാകും.

ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി പ്രവേശനം ജനറല്‍ എബിലിറ്റി ടെസ്റ്റ് വഴിയാണ്. പരീക്ഷകളുടെ ഘടന, നിഫ്റ്റ് കേന്ദ്രങ്ങള്‍, ഓരോ കേന്ദ്രത്തിലുമുള്ള പ്രോഗ്രാമുകള്‍ എന്നിവയറിയാന്‍: https://applyadmission.net/nift2020/

പ്ലേസ്മെന്റ് സംബന്ധിച്ച വിശദാംശങ്ങള്‍ https://nift.ac.in/placements ല്‍ ലഭിക്കും. കേന്ദ്രീകൃത പ്ലേസ്മെന്റ് രീതിയാണ്. ഓണ്‍ കാമ്പസ് പ്ലേസ്മെന്റ്, പ്രീ- പ്ലേസ്മെന്റ് ഓഫര്‍ എന്നീ രണ്ടുരീതികളില്‍ പ്ലേസ്മെന്റ് ലഭിക്കാം. മള്‍ട്ടി നാഷണല്‍ കമ്പനികള്‍/ഗ്ലോബല്‍ ഫാമുകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. മുന്‍വര്‍ഷങ്ങളിലെ റിക്രൂട്ടര്‍മാരുടെ പട്ടിക നല്‍കിയിട്ടുള്ളത് പരിശോധിക്കുക.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: NIFT Admissions, what are the eligibility criteria