ask expertഗേറ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് പേപ്പറിന്റെ പരീക്ഷയുടെ രീതി എന്തായിരിക്കും? -ജീവന്‍, ആലപ്പുഴ

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ടു വിഷയങ്ങള്‍ ഉള്‍പ്പെടെ 27 വിഷയങ്ങളുടെയും പരീക്ഷയ്ക്ക് മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള, പരമാവധി 100 മാര്‍ക്കുള്ള ഒരു പേപ്പര്‍ വീതമാണുള്ളത്.

എല്ലാ പേപ്പറുകള്‍ക്കും പൊതുവായുള്ള ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്ന ഭാഗം ഉണ്ടാകും. ഇതില്‍ 15 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ചോദിക്കും. ലാംഗ്വേജ്, അനലിറ്റക്കല്‍ സ്‌കില്‍സ് എന്നിവ വിലയിരുത്തുന്ന ചോദ്യങ്ങളാണ് മുന്‍വര്‍ഷങ്ങളില്‍ ഈ ഭാഗത്ത് ചോദിച്ചിരുന്നത്.

ബാക്കി 85 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍, മുഖ്യ വിഷയവുമായി ബന്ധപ്പെട്ടവയാകും.

2021-ലെ പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് പേപ്പറിന്റെ മുഖ്യഭാഗത്തെ ചോദ്യങ്ങളില്‍, ഈ വിഷയം തിരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ട 25 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ റീസണിങ് ആന്‍ഡ് കോംപ്രിഹന്‍ഷന്‍ എന്ന മേഖലയില്‍ നിന്നായിരിക്കും. അവശേഷിക്കുന്ന 60 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍, ഓപ്ഷണല്‍ സെക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളവയാകും.

ഉള്‍പ്പെടുത്തിയിട്ടുള്ള ഓപ്ഷണലുകള്‍ ഇക്കണോമിക്സ്, ഇംഗ്ലീഷ്, ലിംഗ്വിസ്റ്റിക്സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി എന്നിവയാണ്. ഇതില്‍ ഏതെങ്കിലും ഒരു ഓപ്ഷണല്‍ വിഷയത്തിലെ ചോദ്യങ്ങള്‍ക്കാണ് പരീക്ഷാര്‍ഥി ഉത്തരം നല്‍കേണ്ടത്. വിശദമായ സിലബസ് പ്രോസ്‌പെക്ടസ് പ്രസിദ്ധപ്പെടുത്തുമ്പോള്‍ ലഭിക്കും.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk /ask-expert)

Content Highlights: New Subjects and Exam Pattern of GATE 2021