കേരളത്തിലുള്ള, നീറ്റ് യോഗ്യതനേടിയ ജനറൽ വിഭാഗ വിദ്യാർഥിയാണ്. എം.സി.സി. യു.ജി. മോപ് അപ്പ് റൗണ്ടിലുള്ള ഗവൺമെന്റ് വിഭാഗത്തിലെ എല്ലാ സീറ്റിലേക്കും എനിക്ക് ചോയ്സ് കൊടുക്കാമോ?-അശ്വിൻ, പാലക്കാട്

മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ മോപ് അപ് റൗണ്ടിലെ വിവിധ ക്വാട്ടയിലായുള്ള മൊത്തം സീറ്റ് എം.സി.സി. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എം.ബി.ബി.എസിന് 2127-ഉം, ബി.ഡി.എസിന് 1548-ഉം ഉൾപ്പെടെ 3675 സീറ്റാണ് ഈ റൗണ്ടിലുള്ളത്. ഇതിൽ 3162 സീറ്റും കല്പിത സർവകലാശാലയിലാണ് (എം.ബി.ബി.എസ്. -1783, ബി.ഡി.എസ്. -1379). ബാക്കിയുള്ള 513 സീറ്റാണ് വിവിധ ക്വാട്ടകളിലായി ഗവൺമെന്റ് വിഭാഗത്തിലുള്ളത്. അതിൽ 344 എം.ബി.ബി.എസ്. സീറ്റും 169 ബി.ഡി.എസ്. സീറ്റുമുണ്ട്. ഇതിൽ ഓപ്പൺ വിഭാഗം സീറ്റുകളും മറ്റു ക്വാട്ട സീറ്റുകളുമുണ്ട്.

സർക്കാർ വിഭാഗത്തിൽ ഓപ്പൺ സീറ്റുകൾ എം.ബി.ബി. എസിന് 263-ഉം ബി.ഡി.എസിന് 77-ഉം ആണ്. ഇതിൽ ഓപ്പൺ വിഭാഗത്തിലെ സംവരണ സീറ്റുകളും ഉൾപ്പെടും. നിങ്ങൾ സംവരണമൊന്നുമില്ലാത്ത ഒരാളാണ്. അതിനാൽ ഓപ്പൺ സീറ്റിലെ ജനറൽ കാറ്റഗറി സീറ്റിലേക്കേ നിങ്ങളെ പരിഗണിക്കുകയുള്ളൂ.

ഓപ്പൺ, ജനറൽ ക്വാട്ടയിലെ സീറ്റ് ലഭ്യത: എം.ബി.ബി.എസ്: എയിംസ് -70, എ.എം.യു. ഓപ്പൺ -4, ജിപ്മർ ഓപ്പൺ -12; ബി.ഡി.എസ്: എ.എം.യു. ഓപ്പൺ -9, ബി.എച്ച്.യു. ഓപ്പൺ -19, ജാമിയ ഓപ്പൺ -18. ഗവൺമെന്റ് വിഭാഗം സീറ്റ് നോക്കുന്ന സംവരണം ഇല്ലാത്ത ഒരാളെന്ന നിലയിൽ മൊത്തം 132 സീറ്റിലേക്ക് നിങ്ങളെ നിലവിലെ ഒഴിവുകൾ അനുസരിച്ച് പരിഗണിക്കും. യഥാസമയം ചോയ്സ് നൽകി പ്രക്രിയയിൽ പങ്കെടുക്കുക.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com /education/help-desk /ask-expert)

Content Highlights: NEET UG counselling, mopup round seat vacanciesask expert