നീറ്റ് യു.ജി. 2021ല്‍ 30 ശതമാനം മാര്‍ക്കുനേടിയ കുട്ടി യോഗ്യത നേടിയിട്ടുണ്ടോ. 50 ശതമാനം മാര്‍ക്ക് വേണ്ടേ. ഓപ്ഷന്‍ കൊടുക്കാന്‍ അര്‍ഹതയുണ്ടോ.

അമ്പിളി, വയനാട്

പരീക്ഷാര്‍ഥികളുടെ നീറ്റ് യോഗ്യതാ മാര്‍ക്ക്/സ്‌കോര്‍ നിര്‍ണയിക്കുന്നത് മൊത്തം സ്‌കോറായ 720ന്റെ നിശ്ചിതശതമാനം (പെര്‍സന്റേജ്) കണക്കാക്കിയല്ല. പെര്‍സന്‍ടൈല്‍ തത്ത്വം ഉപയോഗിച്ചാണ്. പെര്‍സ?െന്റെല്‍ സ്‌കോര്‍ എന്നത് ഒരു നിശ്ചിതസ്ഥാനത്തുള്ള സ്‌കോറാണ്.

ജനറല്‍ വിഭാഗക്കാര്‍ക്ക് യോഗ്യത നേടാന്‍ 50ാം പെര്‍സെന്റെല്‍ സ്‌കോറാണ് വേണ്ടത്. 50 ശതമാനം (360) മാര്‍ക്കല്ല. പരീക്ഷയെഴുതിയ കുട്ടികളുടെ മാര്‍ക്കുകള്‍/സ്‌കോറുകള്‍ ക്രമത്തില്‍ (കൂടിയ മാര്‍ക്കുതൊട്ട് കുറഞ്ഞ മാര്‍ക്കുവരെ) പരിഗണിക്കുമ്പോള്‍ ഏതു മാര്‍ക്കിനു/സ്‌കോറിനു തുല്യമോ മുകളിലോ ആണ് 50 ശതമാനം പേരും മാര്‍ക്ക്/സ്‌കോര്‍ നേടിയിരിക്കുന്നത് ആ മാര്‍ക്ക്/സ്‌കോര്‍ ആയിരിക്കും 50ാം പെര്‍സ?െന്റെല്‍ സ്‌കോര്‍.

ഈവര്‍ഷം ഈ സ്‌കോര്‍ 138 ആണ്. നീറ്റ് യു.ജി.യില്‍ മുന്നിലെത്തിയ 50 ശതമാനം പേരുടെ ഏറ്റവുംകുറഞ്ഞ സ്‌കോറാണിത്. പരീക്ഷയെഴുതിയ 50 ശതമാനം പേര്‍ക്കും ഈ മാര്‍ക്കോ അതില്‍ക്കൂടുതലോ ലഭിച്ചിട്ടുണ്ട് (സ്വാഭാവികമായും ബാക്കി 50 ശതമാനം പേര്‍ക്ക് 138ല്‍ താഴെയായിരിക്കും സ്‌കോര്‍). 50ാം പെര്‍സ?െന്റെല്‍ സ്‌കോര്‍ (138) ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് ഉണ്ടാകാമെന്നതിനാല്‍ ഈ സ്‌കോര്‍ നേടുന്നവരുടെ എണ്ണം പരീക്ഷയെഴുതിയവരില്‍ 50 ശതമാനത്തില്‍ അല്പം കൂടുതലായിരിക്കും. 138 മാര്‍ക്ക് ശതമാനക്കണക്കില്‍ 19.1667 ആണ്. ഈ സ്‌കോര്‍ ലഭിച്ച ജനറല്‍ വിഭാഗത്തിലെ ഏവരും നീറ്റ് യു.ജി. യോഗ്യത നേടിയിരിക്കുകയാണ്.

പട്ടിക/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് യോഗ്യത നേടാന്‍ 40ാം പെര്‍സ?െന്റെല്‍ സ്‌കോര്‍ മതി. പരമാവധി സ്‌കോര്‍മുതല്‍ ഏറ്റവുംകുറഞ്ഞ സ്‌കോര്‍വരെ ക്രമപ്പെടുത്തുമ്പോള്‍ മുന്നിലെത്തുന്ന 60 ശതമാനം പേരുടെ ഏറ്റവുംകുറഞ്ഞ സ്‌കോറായിരിക്കും ഇത്. ഇതിനുതാഴെ സ്‌കോറുണ്ടാവുക 40 ശതമാനം പേര്‍ക്കായിരിക്കും. ഈ വര്‍ഷം ഈ വിഭാഗക്കാരുടെ യോഗ്യതാ മാര്‍ക്ക് 720ല്‍ 108 ആണ് (15 ശതമാനം). ജനറല്‍/ ഇ.ഡബ്ല്യു.എസ്ഭിന്നശേഷിക്കാര്‍ക്ക് യോഗ്യത നേടാന്‍ വേണ്ടിയിരുന്നത് 45ാം പെര്‍സ?െന്റെല്‍ സ്‌കോറായിരുന്നു. അത് 122 ആണ് (16.9444%). ഈ സ്‌കോറിനുതാഴെയാണ് 45 ശതമാനം പേര്‍ സ്‌കോര്‍ നേടിയിരിക്കുന്നത്. 122ല്‍ കൂടുതല്‍ സ്‌കോര്‍ നേടിയത് 55 ശതമാനം പേരും.

പരീക്ഷയെഴുതിയവരുടെ മാര്‍ക്കുകളുടെ സ്ഥാനമനുസരിച്ചുള്ള മൂല്യമാണ് പെര്‍സ?െന്റെല്‍ സ്‌കോര്‍ എന്നതിനാല്‍ പരീക്ഷാ മൂല്യനിര്‍ണയം കഴിഞ്ഞേ അത് കണ്ടെത്തുകയുള്ളൂ. ഈവര്‍ഷം 138, 108, 122 മാര്‍ക്ക് നേടിയവര്‍ അതതുവിഭാഗത്തില്‍ യോഗ്യത നേടിയിട്ടുണ്ട്. അവര്‍ക്ക് വിവിധ പ്രവേശനങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്കുവിധേയമായി ചോയ്‌സ് ഫില്ലിങ് നടത്തി അലോട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കാം.

കേരളത്തില്‍ മെഡിക്കല്‍ അലൈഡ് റാങ്ക് പട്ടികയിലേക്കു പരിഗണിക്കപ്പെടാന്‍ 720ല്‍ 20 മാര്‍ക്ക് (2.7778%) മതി. നീറ്റ് യു.ജി. അഭിമുഖീകരിച്ച പട്ടികവിഭാഗക്കാര്‍ക്ക് കേരളത്തില്‍ മെഡിക്കല്‍ അലൈഡ് റാങ്ക് പട്ടികയിലേക്കു പരിഗണിക്കപ്പെടാന്‍ മാര്‍ക്ക് വ്യവസ്ഥയില്ല.

Content Highlights: NEET UG 2021