റിസര്‍വേഷന്‍ ഇല്ലാത്ത ഒരാള്‍ക്ക് എയിംസില്‍ എം.ബി.ബി.എസ്. കിട്ടാന്‍ നീറ്റ് യു.ജി.യില്‍ എത്ര റാങ്ക് വേണം. എത്ര സീറ്റാണ് അവിടെയുള്ളത്.

അശ്വതി, കൊല്ലം

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാണ് 2020 മുതല്‍ നീറ്റ് യു.ജി. റാങ്ക് പരിഗണിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) എം.ബി.ബി.എസ്. പ്രവേശനം നടത്തുന്നത്. 2020ല്‍ 1899 സീറ്റാണ് 19 എയിംസിലായി ഉണ്ടായിരുന്നത്. അതില്‍ 765 സീറ്റ് ജനറല്‍ (യു.ആര്‍.അണ്‍റിസര്‍വ്ഡ്) വിഭാഗത്തിലാണ്. ഇ.ഡബ്ല്യു.എസ്. 172, ഒ.ബി.സി. 473, എസ്.സി. 267, എസ്.ടി. 129 എന്നിങ്ങനെയായിരുന്നു മറ്റു സീറ്റുകള്‍. ഇതുകൂടാതെ, ഈ അഞ്ച് വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗത്തില്‍ യഥാക്രമം 40, 12, 29, 08, 04 സീറ്റുകളും.

വിദ്യാര്‍ഥികള്‍ കാട്ടിയ താത്പര്യങ്ങള്‍ പരിശോധിച്ചാല്‍ ഏറ്റവും മുന്നില്‍വന്നത് ന്യൂഡല്‍ഹി, ഭുവനേശ്വര്‍, ഭോപാല്‍, ജോധ്പുര്‍, റിഷികേശ് എന്നിവയായിരുന്നു. ആദ്യ റൗണ്ടിലെ അവസാന യു.ആര്‍. അലോട്ട്‌മെന്റ് റാങ്ക് 6076ഉം, രണ്ടാം റൗണ്ടിലേത് 7575ഉം ആയിരുന്നു. 2020ലെ അലോട്ട്‌മെന്റില്‍ ആദ്യ രണ്ടു റൗണ്ടുകളില്‍ വിവിധ എയിംസിലെ അവസാന യു.ആര്‍. ഓപ്പണ്‍ അലോട്ട്‌മെന്റ് റാങ്കുകള്‍ ഇപ്രകാരമായിരുന്നു.

ന്യൂഡല്‍ഹി 51 (ആദ്യ റൗണ്ട്), രണ്ടാം റൗണ്ടില്‍ ഒഴിവില്ലായിരുന്നുഭുവനേശ്വര്‍: 569, 524. ഭോപാല്‍: 589, 614. ജോധ്പുര്‍: 786, 790. റിഷികേശ്: 1270, 1366. റായ്പുര്‍: 1588, 1534. പട്‌ന: 1850, 1984. നാഗ്പുര്‍: 2537, 2627. രാജ്‌കോട്ട്: 3085, 4585. തെലങ്കാന: 3086, 3895. മംഗളഗിരി: 3127, 3769. ഭട്ടിന്‍ഡ: 3424, 3238. റായ്ബറേലി: 3859, 5191. ഗൊരഖ്പുര്‍: 4038, 5005. കല്യാണി: 4371, 5902. ഹിമാചല്‍പ്രദേശ്: 4980, 5949. ദേവ്ഗര്‍: 5150, 6783. ഗുവാഹാട്ടി: 5238, 6874. ജമ്മു: 6076,7575.

മൂന്നാം റൗണ്ടില്‍ 14 എയിംസില്‍ ഒഴിവുകള്‍ ഉണ്ടായിരുന്നു. 9116 വരെ റാങ്കുള്ള 32 പേര്‍ക്ക് യു.ആര്‍. വിഭാഗത്തില്‍ അലോട്ട്‌മെന്റ് കിട്ടി. നാലാം റൗണ്ടില്‍ ഒമ്പത് എയിംസില്‍ യു.ആര്‍. വിഭാഗത്തില്‍ ഒഴിവുവന്നു. 11,169 മുതല്‍ 15,564 പരിധിയില്‍വരെ റാങ്കുള്ള 15 പേര്‍ക്ക് യു.ആര്‍. ഓപ്പണ്‍ വിഭാഗത്തില്‍ ഈ റൗണ്ടില്‍ അലോട്ട്‌മെന്റ് കിട്ടി.

ഇതെല്ലാം 2020ലെ അലോട്ട്‌മെന്റ് അനുസരിച്ചുള്ള വിവരങ്ങളാണ്. ഈ വര്‍ഷത്തെ സാധ്യതകള്‍ അതേപടി ആകണമെന്നില്ലെന്ന് ഓര്‍ക്കുക.

Content Highlights: NEET UG 2021