ask expertഎന്റെ നീറ്റ് സ്‌കോര്‍ കാര്‍ഡില്‍ ഓവറോള്‍ റാങ്കും കാറ്റഗറി റാങ്കും കാണുന്നുണ്ട്. ഞാന്‍ ജനറല്‍വിഭാഗത്തിലാണ്. ഓള്‍ ഇന്ത്യ റാങ്ക്, ഓവറോള്‍ റാങ്ക്, കാറ്റഗറി റാങ്ക് എന്നിവ എന്താണ് ? കാറ്റഗറി റാങ്ക് ആണോ അമ്പതാം പെര്‍സന്റൈല്‍ സ്‌കോര്‍ നിര്‍ണയിക്കുന്നത്?- ശ്രീലക്ഷ്മി, കൊല്ലം

നീറ്റ് യു.ജി. 2020 അഭിമുഖീകരിച്ച് യോഗ്യത നേടിയ മൊത്തം പരീക്ഷാര്‍ഥികളെയും പരിഗണിക്കുമ്പോഴുള്ള നിങ്ങളുടെ സ്ഥാനമാണ് നീറ്റ് ഓള്‍ ഇന്ത്യാ റാങ്ക്, ഓവറോള്‍ റാങ്ക് എന്നിവ.

നിങ്ങളെക്കാള്‍ ഉയര്‍ന്ന റാങ്കുള്ളവരില്‍ ജനറല്‍വിഭാഗക്കാരും സംവരണ ആനുകൂല്യമുള്ളവരും ഉണ്ടാകും. അവരില്‍, നിങ്ങളുള്‍പ്പെടുന്ന ജനറല്‍ (അണ്‍ റിസര്‍വ്ഡ് - യു.ആര്‍.) വിഭാഗത്തിലുള്ളവരെമാത്രം പരിഗണിക്കുമ്പോള്‍ അവരില്‍ നിങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതാണ് കാറ്റഗറി റാങ്ക്. ഇത് കണക്കാക്കുമ്പോള്‍ നിങ്ങളെക്കാള്‍ ഉയര്‍ന്ന റാങ്കുള്ള യു.ആര്‍. ഇതരവിഭാഗക്കാരെ പരിഗണിക്കുന്നതല്ല.

പരീക്ഷാര്‍ഥിയുടെ കാറ്റഗറിക്കനുസരിച്ചാണ് നീറ്റ് യോഗ്യതയ്ക്കായി നേടേണ്ട മാര്‍ക്ക് നിര്‍ണയിക്കപ്പെടുന്നത്. ജനറല്‍, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് യോഗ്യത നേടാന്‍, അമ്പതാം പെര്‍സന്റൈല്‍ സ്‌കോര്‍ ആണ് വേണ്ടത്. ഏതു സ്‌കോറിനു തുല്യമോ മുകളിലോ ആണ് പരീക്ഷയില്‍ മുന്നിലെത്തിയ 50 ശതമാനംപേരുടെയും സ്‌കോര്‍ വന്നിരിക്കുന്നത് ആ സ്‌കോറിനെയാണ് അമ്പതാം പെര്‍സന്റൈല്‍ സ്‌കോര്‍ എന്നുപറയുന്നത്. അവരില്‍നിന്ന് യു.ആര്‍. വിഭാഗക്കാരെമാത്രം പരിഗണിച്ചാണ് യു.ആര്‍. വിഭാഗക്കാരുടെ കാറ്റഗറി റാങ്ക് കണ്ടെത്തുന്നത്.

മറ്റ് സംവരണവിഭാഗക്കാരുടെ കാര്യത്തിലും വ്യവസ്ഥപ്രകാരമുള്ള കട്ട് ഓഫ് സ്‌കോര്‍ കണ്ടെത്തിയശേഷം ഇതേ തത്ത്വം ഉപയോഗിച്ചാണ് അവരുടെയും കാറ്റഗറി റാങ്ക് നിര്‍ണയിക്കുന്നത്.

ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയ്ക്കാന്‍: https://english.mathrubhumi.com/education/help-desk/ask-expert

Content Highlights: NEET Score card details, difference between overall rank and category rank, Ask expert