ask expert2020-ലെ നീറ്റ് എഴുതിയിരുന്നു. എനിക്കു കിട്ടിയ മാര്‍ക്കുതന്നെ കിട്ടിയ മറ്റു പല കുട്ടികള്‍ക്കും എന്നെക്കാള്‍ കൂടിയ റാങ്കാണ് കിട്ടിയത്. അത് എന്തുകൊണ്ടാണ്? ഒരേ മാര്‍ക്ക് വന്നാല്‍, പ്രായം കൂടിയ ആളിന് എന്തെങ്കിലും പരിഗണനയുണ്ടോ?

അനില്‍കുമാര്‍, ആലപ്പുഴ

നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍ഡ് ടെസ്റ്റ്) യു.ജി.യില്‍ ഒന്നില്‍ കൂടുതല്‍ പരീക്ഷാര്‍ഥികള്‍ക്ക് തുല്യ മാര്‍ക്ക്/പെര്‍സന്റൈല്‍ സ്‌കോര്‍ ലഭിച്ചാല്‍ തുല്യത ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകള്‍ നീറ്റ് 2020 പ്രോസ്‌പെക്ടസ് 13.2ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതനുസരിച്ച് തുല്യത ഉള്ളവരില്‍ നീറ്റ്‌ലെ ബയോളജി (ബോട്ടണിയും സുവോളജിയും) ഭാഗത്ത് കൂടുതല്‍ മാര്‍ക്ക്/പെര്‍സന്റൈല്‍ സ്‌കോര്‍ ലഭിച്ചവര്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കും. തുല്യത വീണ്ടും നിലനില്‍ക്കുന്നെങ്കില്‍ നീറ്റില്‍ കെമിസ്ട്രി ഭാഗത്ത് ഉയര്‍ന്ന മാര്‍ക്ക്/പെര്‍സന്റൈല്‍ സകോര്‍ ലഭിച്ചവര്‍ക്ക് ഉയര്‍ന്ന റാങ്ക് അനുവദിക്കും.

അതിനു ശേഷവും തുല്യത ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉത്തരം നല്‍കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റിച്ച ഉത്തരങ്ങളുടെയും ശരിയായി നല്‍കിയ ഉത്തരങ്ങളുടെയും അനുപാതം കണക്കാക്കുമ്പോള്‍ കുറഞ്ഞ അനുപാതമുള്ള പരീക്ഷാര്‍ഥിക്ക് ഉയര്‍ന്ന റാങ്ക് നല്‍കും. ഈ മൂന്നു തലങ്ങള്‍ക്കു ശേഷവും സമനില ഒഴിവാകുന്നില്ലെങ്കിലാണ് പ്രായം പരിഗണനയാകുന്നത്. ഈ ഘട്ടത്തില്‍ പ്രായംകൂടിയ പരീക്ഷാര്‍ഥിക്ക് ഉയര്‍ന്ന റാങ്ക് അനുവദിച്ച് തുല്യത ഒഴിവാക്കും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് 2020-ലെ നീറ്റ് യു.ജി. റാങ്ക് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്.


(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സ്ന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: NEET same percentile score and different ranks, Ask expert