ask expertഞാന്‍ നീറ്റിന് അപേക്ഷിച്ചിട്ടുണ്ട്. നീറ്റ് എഴുതാന്‍ കീമിന് അപേക്ഷിക്കേണ്ടതുണ്ടോ  -അഭിരാം, എറണാകുളം

ല്ല. നീറ്റ് എഴുതാന്‍ കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷിച്ചിരിക്കണം എന്ന വ്യവസ്ഥ ഇല്ല. നിങ്ങളുടെ നീറ്റ് അപേക്ഷ സ്വീകരിച്ചാല്‍ നീറ്റ് ആഭിമുഖീകരിക്കാം. അതില്‍ യോഗ്യത നേടിയാല്‍ (50-ാം പെര്‍സന്റൈല്‍) മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന പ്രവേശനപ്രക്രിയയില്‍ പങ്കെടുക്കുകയും ചെയ്യാം.

എം.ബി.ബി.എസ്./ബി.ഡി.എസ്. 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, കേന്ദ്ര സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍, ഓള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, കല്പിത സര്‍വകലാശാലകള്‍, ഇ.എസ്.ഐ. ക്വാട്ട അലോട്ട്‌മെന്റ്, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് ഓപ്ഷന്‍ സ്വീകരിക്കല്‍ എന്നിവയാണ് എം.സി.സി. അലോട്ട്‌മെന്റ് പരിധിയില്‍ വരുന്നത്.

വെറ്ററിനറി സയന്‍സിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട അലോട്ട്‌മെന്റ്, ആയുഷ് കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വാട്ട ഉള്‍പ്പടെയുള്ള അലോട്ട്‌മെന്റ് എന്നിവയിലും പങ്കെടുക്കാം. പല സംസ്ഥാനങ്ങളിലെയും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്കും അപേക്ഷിക്കാന്‍ പറ്റും.

• കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ നീറ്റിന് അപേക്ഷിച്ചതു കൂടാതെ കമ്മിഷണര്‍ കേരളത്തിലെ 2020 ലെ പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോള്‍ അപേക്ഷിക്കണം.

ഈ മാസം അത് സംബന്ധിച്ച വിജ്ഞാപനം പ്രതീക്ഷിക്കാം. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ മെഡിക്കല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് നീറ്റ് യോഗ്യതാ വ്യവസ്ഥയില്‍ ഇളവുള്ള (നീറ്റില്‍ 20 മാര്‍ക്ക് മതി) അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ് എന്നീ അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലെ ഗവണ്‍മെന്റ്/മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ. സീറ്റുകള്‍ ആണ് കമ്മിഷണര്‍ നികത്തുന്നത്.

കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശനത്തിന് അര്‍ഹതയുള്ള നീറ്റില്‍ യോഗ്യതയുള്ള ഒരു കുട്ടി കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയില്ലെങ്കില്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert


Content Highlights: NEET and KEAM, Medical Entrance in Kerala