ജെ.ഇ.ഇ. മെയിനിൽ എൻജിനിയറിങ് റാങ്ക് ഉണ്ട്. നേവൽ എൻട്രിക്ക് അപേക്ഷിക്കാൻ എത്ര റാങ്ക് വേണം?-വിശാഖ്, മലപ്പുറം

ഇന്ത്യൻ നേവിയുടെ 10+2 (ബി.ടെക്.) കേഡറ്റ് എൻട്രി സ്കീമി(പെർമനന്റ് കമ്മിഷൻ)ന് അപേക്ഷിക്കാൻ ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. റാങ്ക് നിർബന്ധമാണ്. അതിൽ എത്ര റാങ്കുവരെ ഉള്ളവർക്ക് അപേക്ഷിക്കാം എന്നുപറയാറില്ല. ഈ റാങ്കുള്ള മറ്റു യോഗ്യതാ വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്നവർക്ക് അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങൾക്കുംകൂടി 70 ശതമാനം മാർക്കുവേണം. ഇംഗ്ലീഷിന് 10-ലോ 12-ലോ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. പ്രായവ്യവസ്ഥയും ഉണ്ടാകും.

ഇപ്രകാരം അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. ഓൾ ഇന്ത്യ റാങ്ക്, ഒഴിവുകളുടെ എണ്ണം എന്നിവ പരിഗണിച്ച് കട്ട് ഓഫ് റാങ്ക് നിശ്ചയിക്കും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) ഇന്റർവ്യൂവിന് വിളിക്കും. വർഷത്തിൽ രണ്ട് വിജ്ഞാപനങ്ങൾ ഉണ്ടാകും.

2021 ജനുവരി സെഷനിലെ കോഴ്സിലേക്ക് അപേക്ഷിക്കാൻ 2020 ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. റാങ്കാകും പരിഗണിക്കുക. ഓരോ സെഷനിലേക്കും ഉള്ള അപേക്ഷകരുടെ ഈ റാങ്കുകൾക്കനുസരിച്ച് ഓരോ സെഷനിലും നിശ്ചയിക്കപ്പെടുന്ന കട്ട്ഓഫ് റാങ്ക് വ്യത്യസ്തമാകും.

അപേക്ഷകൾ സ്വീകരിച്ചശേഷം കട്ട്ഓഫ് ആയി ചില സെഷനുകളിലേക്ക് നിശ്ചയിച്ച ജെ.ഇ.ഇ. മെയിൻ റാങ്കുകൾ:2019 ജൂൺ സെഷൻ-3,26,000, 2019 ജനുവരി-4,99,843, 2018 ജൂൺ-5,00,000, 2018 ജനുവരി-7,00,000.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയക്കാൻ സ്ന്ദർശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Navy BTech Entry Admission Criteria, Mathrubhumi Ask Expert