പ്ലസ് വണിന് പഠിക്കുന്നു. 2022ല്‍ നടക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ എഴുതാന്‍ കഴിയുമോ. പെണ്‍കുട്ടികള്‍ക്ക് ഏതൊക്കെ ബ്രാഞ്ചിലേക്ക് അപേക്ഷിക്കാം.

പാര്‍വതി, കോട്ടയം

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണ നടത്താറുണ്ട്. 2022ലെ ആദ്യ പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ വിളിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു വിജയമാണ്. വ്യോമസേന, നാവികസേന എന്നിവയിലേക്ക് പരിഗണിക്കാന്‍ പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം. പന്ത്രണ്ടാംക്ലാസ് പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാം. അങ്ങനെയുള്ളവര്‍, പരീക്ഷയുടെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ടത്തില്‍ നടത്തുന്ന സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ പ്ലസ്ടു അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അന്ന് അതിനുകഴിയുന്നില്ലെങ്കില്‍ 2022 ഡിസംബര്‍ 24നകം അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. ഇപ്പോള്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് 2022ലെ ആദ്യ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ കഴിയില്ല എന്ന് ഈ വ്യവസ്ഥകളില്‍നിന്ന് വ്യക്തമാണ്.

യു.പി.എസ്.സി.യുടെ പരീക്ഷാ കലണ്ടര്‍പ്രകാരം 2022ലെ രണ്ടാം വിജ്ഞാപനം 18.5.2022ന് പ്രസിദ്ധപ്പെടുത്തും. ആ വിജ്ഞാപനപ്രകാരം അപേക്ഷിക്കാനുള്ള അവസാനതീയതി ജൂണ്‍ 14 ആയിരിക്കും. അപ്പോഴേക്കും നിങ്ങള്‍ പന്ത്രണ്ടാം ക്ലാസില്‍ എത്തിയിരിക്കും. അന്ന് ആ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍പ്രകാരം അപേക്ഷിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കുക. 2021ലെ രണ്ടാം വിജ്ഞാപനം വന്നത് 2021 ജൂണ്‍ ഒമ്പതിനാണ്. അപേക്ഷിക്കേണ്ട അവസാനതീയതി ജൂണ്‍ 29 ആയിരുന്നു. ആ വിജ്ഞാപനപ്രകാരവും പന്ത്രണ്ടാം ക്ലാസ് പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാം എന്ന് പറഞ്ഞിരുന്നു. അവര്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കട്ട് ഓഫ് ഡേറ്റ് 2022 ജൂണ്‍ 24 ആണ്. ഈ വ്യവസ്ഥ സമാനതീയതിയോടെ തുടര്‍ന്നാല്‍ 2022ലെ രണ്ടാം വിജ്ഞാപനപ്രകാരം നിങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയേണ്ടതാണ്.

2022 ആദ്യ വിജ്ഞാപനപ്രകാരം പെണ്‍കുട്ടികള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്‍ട്രിയില്‍ മൂന്ന് സര്‍വീസസിലേക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. കരസേനയില്‍ പത്തും നാവികസേനയില്‍ മൂന്നും വ്യോമസേനയില്‍ ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്‌നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോണ്‍ ടെക്‌നിക്കല്‍) എന്നീ വിഭാഗങ്ങളില്‍ ഓരോന്നിലും രണ്ടുവീതവും ഒഴിവുകള്‍ വനിതകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. നേവല്‍ അക്കാദമി (10+2 കാഡറ്റ് എന്‍ട്രി സ്‌കീം) യിലേക്ക് വനിതകളെ പരിഗണിക്കില്ല.

Content Highlights: National Defense Academy Exam