പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. 2021-ലെ മിലിറ്ററി നഴ്‌സിങ് പ്രവേശനത്തിന് യോഗ്യത എന്താണ്? എങ്ങനെ അപേക്ഷിക്കാം? ആര്യ, പാലക്കാട്
പ്ലസ്ടു കഴിഞ്ഞ് പെണ്‍കുട്ടികള്‍ക്കു അപേക്ഷിക്കാവുന്ന മിലിറ്ററി നഴ്‌സിങ് പ്രവേശനത്തിന്റെ 2021ലെ വിജ്ഞാപനം ഇതുവരെ വന്നിട്ടില്ല. ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസിന്റെ കീഴിലുള്ള നഴ്‌സിങ് കോളേജുകളിലാണ് കോഴ്‌സ് ഉള്ളത്. പുണെ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ലഖ്‌നൗ, ബെംഗളൂരു, ഐ.എന്‍.എച്ച്.എസ്. അശ്വനി എന്നിവിടങ്ങളിലെ നഴ്‌സിങ് കോളേജുകളിലാണ് കോഴ്‌സ് നടത്തുന്നത്. 2020ലെ പ്രവേശനത്തിന് മൊത്തത്തില്‍ 220 സീറ്റാണ് ഉണ്ടായിരുന്നത്. അവിവാഹിതര്‍/വിവാഹബന്ധം വേര്‍പെടുത്തിയവര്‍/നിയമപരമായി വേര്‍പിരിഞ്ഞവര്‍/ബാധ്യതകള്‍ ഇല്ലാത്ത വിധവകള്‍ എന്നീ വിഭാഗങ്ങളിലെ വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
2020ലെ പ്രവേശന വിജ്ഞാപനപ്രകാരം 1995 ഒക്ടോബര്‍ 1നും 2003 സെപ്റ്റംബര്‍ 30നും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാമായിരുന്നു. സീനിയര്‍ സെക്കന്‍ഡറി പരീക്ഷ (10+2)/തത്തുല്യം (12 വര്‍ഷത്തെ സ്‌കൂള്‍പഠനം) റഗുലര്‍ വിദ്യാര്‍ഥിയായി, അംഗീകൃത സ്‌കൂളില്‍നിന്ന് ആദ്യ ശ്രമത്തില്‍ത്തന്നെ ജയിച്ചിരിക്കണം. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം. പ്ലസ്ടു പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. വിജ്ഞാപനവര്‍ഷം പ്ലസ്ടു പ്രോഗ്രാമിന്റെ അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത ശാരീരികനിലവാരം, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവ തൃപ്തിപ്പെടുത്തണം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഉണ്ടാകും. ജനറല്‍ ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജന്‍സ് എന്നിവയില്‍നിന്നുമുള്ള ചോദ്യങ്ങള്‍ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്കുണ്ടാകും. രണ്ടാംഘട്ടം അഭിമുഖം ആണ്. പ്രവേശനപരീക്ഷ, ഇന്‍ര്‍വ്യൂ എന്നിവയുടെ സംയുക്ത മെറിറ്റ് പരിഗണിച്ച് മെഡിക്കല്‍ ഫിറ്റ്‌നസിന് വിധേയമായി അന്തിമ തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍, കോഴ്‌സ് കഴിഞ്ഞ് മിലിറ്ററി നഴ്‌സിങ് സര്‍വീസില്‍ സേവനം അനുഷ്ഠിക്കേണ്ടിവരും. ഇതിലേക്കുള്ള എഗ്രിമെന്റ്/ബോണ്ട് പ്രവേശനസമയത്ത് നല്‍കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, മിലിറ്ററി നഴ്‌സിങ് സര്‍വീസില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നല്‍കും. പരിശീലന കാലത്ത് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ റേഷന്‍, താമസസൗകര്യം, യൂണിഫോം അലവന്‍സ്, പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് എന്നിവ ലഭിക്കും. https://www.joinindianarmy.nic.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
മിലിറ്ററി നഴ്‌സിങ്ങിന് നാലുവര്‍ഷ ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാം പ്രവേശനത്തിന്റെ വിജ്ഞാപനം ഇന്ത്യന്‍ ആര്‍മി, റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിലാണ് പ്രസിദ്ധപ്പെടുത്താറുള്ളത്. https://www.joinindianarmy.nic.in ല്‍ ഓഫീസര്‍ സെലക്ഷന്‍ എന്ന ലിങ്കില്‍ 'നോട്ടീസസ് ഫോര്‍ ആര്‍.വി.സി., ടി.എ. ആന്‍ഡ് എം.എന്‍.എസ്. എന്‍ട്രീസ്' ഉപലിങ്കില്‍ ഇതു പ്രതീക്ഷിക്കാം. എംപ്ലോയ്‌മെന്റ് ന്യൂസ് ഉള്‍പ്പെടെ മറ്റു പ്രസിദ്ധീകരണങ്ങളിലും വിജ്ഞാപനം/അറിയിപ്പ് പ്രതീക്ഷിക്കാം. 2021ലെ പ്രവേശന വ്യവസ്ഥകള്‍ ആ വിജ്ഞാപനം വരുമ്പോള്‍ പരിശോധിക്കുക.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: Military nursing admission, qualifications needed for it, ask expert