ഒരു മെഡിക്കൽ കോഴ്സ് പഠിച്ചശേഷം മറ്റൊരു മെഡിക്കൽ കോഴ്സ് പഠിക്കാൻ കേരളത്തിൽ അപേക്ഷിക്കാമോ? സീറ്റ് സംവരണം ഉണ്ടോ? -പ്രവീൺ, ആലപ്പുഴ.

2020-ലെ കീം പ്രോസ്പക്ടസ് പ്രകാരം കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന അലോട്ട്മെന്റിൽ സ്പെഷ്യൽ റിസർവേഷൻ വിഭാഗത്തിൽ, ഒരു മെഡിക്കൽ കോഴ്സ് പഠിച്ചവർക്ക് മറ്റൊരു മെഡിക്കൽ കോഴ്സ് പഠിക്കാൻ സർക്കാർ വിഭാഗം കോളേജുകളിൽ ഏതാനും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

ആയുർവേദ ബിരുദധാരികൾക്ക് (ബി.എ.എം.എസ്.) ഏഴുസീറ്റും ഹോമിയോപ്പതി ബിരുദധാരികൾക്ക് (ബി.എച്ച്.എം.എസ്.) നാല് സീറ്റും എം.ബി.ബി.എസ്. കോഴ്സിന് സംവരണം ചെയ്തിട്ടുണ്ട്. എം.ബി.ബി.എസ്./ബി.എച്ച്.എം.എസ്. ബിരുദധാരികൾക്ക് ബി.എ.എം.എസ്. പ്രോഗ്രാമിന് ഒരുസീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

മൂന്നിലും അപേക്ഷകർ ഡിഗ്രി സർട്ടിഫിക്കറ്റ്, ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ കീമിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ നൽകണം. അപേക്ഷ നൽകേണ്ട അവസാനതീയതിക്കു മുമ്പായി അവർ ബന്ധപ്പെട്ട കോഴ്സ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.

എം.ബി.ബി.എസ്./ബി.എ. എം.എസ്. ബിരുദധാരികൾക്ക് ബി.എച്ച്.എം.എസ്. പ്രോഗ്രാമിന് ഒരുസീറ്റ് സംവരണമുണ്ട്.

[ഈ സീറ്റിലേക്ക്, ബി.വി.എസ്സി. ആൻഡ് എ.എച്ച്./ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് ബിരുദധാരികൾക്കും അപേക്ഷിക്കാം] നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. റാങ്ക് പരിഗണിച്ച് കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടിക പരിഗണിച്ചാണ് ഈ അലോട്ട്മെന്റുൾ നടത്തുന്നത്. നീറ്റ് യു.ജി.ക്കും പ്രവേശന പരീക്ഷാ കമ്മിഷണർക്കും അപേക്ഷിക്കാൻ ശ്രദ്ധിക്കണം. കീം/നീറ്റ് യു.ജി. പ്രോസ്പക്ടസിലെ മറ്റുവ്യവസ്ഥകൾക്കു വിധേയമായിരിക്കും പ്രവേശനം.

ഇവയുടെകാര്യങ്ങൾ അറിയാൻ www.cee.kerala.gov.in-ൽ ഉള്ള 2020-ലെ പ്രോസ്പക്ടസ് പരിശോധിക്കുക. പ്രവേശനവ്യവസ്ഥകൾക്കു വിധേയമായി ഓപ്പൺവിഭാഗത്തിലും അപേക്ഷിക്കാം.

Content Highlights: Medical graduatesand seat reservation,Ask expert