കീം മെഡിക്കല്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്ന വേളയില്‍ പ്ലസ്ടു മാര്‍ക്ക് പരിഗണിക്കുമോ? മെഡിക്കല്‍ റാങ്ക്ലിസ്റ്റ് അടിസ്ഥാനമാക്കിയാണോ കേരളത്തിലെ അഗ്രിക്കള്‍ച്ചര്‍ ബി.എസ്‌സി. കോഴ്‌സ് പ്രവേശനം?- ഐശ്വര്യ, കണ്ണൂര്‍
കേരളത്തിലെ മെഡിക്കല്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് അപേക്ഷാര്‍ഥിയുടെ നീറ്റ് റാങ്ക് മാത്രം പരിഗണിച്ചാണ്. പ്ലസ്ടു മാര്‍ക്ക്, മെഡിക്കല്‍ റാങ്ക് നിര്‍ണയത്തിനായി പരിഗണിക്കില്ല. കേരളത്തിലെ മെഡിക്കല്‍ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ പ്രധാനമായും മൂന്നുകാര്യങ്ങള്‍ അപേക്ഷാര്‍ഥി തൃപ്തിപ്പെടുത്തണം.
(i) നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി 2020) പരീക്ഷ അഭിമുഖീകരിച്ച് യോഗ്യത (കാറ്റഗറിയനുസരിച്ചുള്ള പെര്‍സന്റൈല്‍ സ്‌കോര്‍) നേടണം. (ii) കേരളാ പ്രവേശനപരീക്ഷാ കമ്മിഷണര്‍ 2020ലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ വിളിച്ചപ്പോള്‍ മെഡിക്കല്‍ വിഭാഗത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിച്ചിരിക്കണം (iii) പ്രവേശനപരീക്ഷാ കമ്മിഷണറുടെ സൈറ്റ് വഴി നീറ്റ് സ്‌കോര്‍ അപ് ലോഡിങ്/ വെരിഫിക്കേഷന്‍ ആവശ്യപ്പെടുന്ന സമയത്ത് നടത്തിയിരിക്കണം.
ഇപ്രകാരം കേരളത്തിലെ കമ്മിഷണര്‍ക്ക് അപേക്ഷിച്ചവരുടെ 2020 ലെ നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചാണ് കീം മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കി അലോട്ട്മെന്റ് നടത്തുന്നത്. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ പ്രോഗ്രാമുകളിലെ അലോട്ട്മെന്റുകളാണ് മെഡിക്കല്‍ റാങ്ക് പട്ടികയുടെ പരിധിയില്‍ വരുന്നത്. ബി.എ.എം.എസിന് പ്രത്യേകം റാങ്ക് പട്ടികയാണ് - പ്രോസ്പക്ടസ് 9.7.4 (e) കാണുക.
ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കള്‍ച്ചര്‍ പ്രവേശനം, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കായി (അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്) തയ്യാറാക്കുന്ന റാങ്ക്പട്ടിക അടിസ്ഥാനമാക്കിയാണ്. നീറ്റ് യു.ജി.യില്‍ 720 ല്‍ 20 മാര്‍ക്കെങ്കിലും (പട്ടിക വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥയില്ല) ലഭിക്കുന്നവരെ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് തയ്യാറാക്കുന്ന റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. ഇവിടെയും റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായി പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ല.
ഇവയില്‍ ഏതിലെങ്കിലും അലോട്ട്മെന്റ് ലഭിച്ചാല്‍ കോളേജില്‍ പ്രവേശനത്തിനായി ചെല്ലുമ്പോള്‍ പ്ലസ്ടു മാര്‍ക്ക് പരിശോധിക്കും. പ്രോസ്പക്ടസ് പ്രകാരമുള്ള അക്കാദമികയോഗ്യത ആ വേളയില്‍ തെളിയിക്കണം.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: Medical Courses admission criteria in Kerala, Mathrubhumi Ask Expert