2020ല്‍ എം.ബി.ബി.എസിന് ഏത് റാങ്ക് വരെയുള്ളവര്‍ക്ക് ഓള്‍ ഇന്ത്യ ക്വാട്ടയില്‍ അലോട്ട്‌മെന്റ് ലഭിച്ചു?. മെറിറ്റിലെ എത്ര സീറ്റ് സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കി? ഓള്‍ ഇന്ത്യ ക്വാട്ടയില്‍ കൂടുതല്‍ റൗണ്ടുകള്‍ ഉണ്ടാകുമ്പോള്‍ ഏതു റാങ്കു വരെയുള്ളവര്‍ക്ക് അലോട്ട്‌മെന്റ് കിട്ടാം? എയിംസില്‍ എത്ര റാങ്ക് വരെ കിട്ടാം?

വിനീത്, കണ്ണൂര്‍

2020ല്‍ ഓള്‍ ഇന്ത്യ ക്വാട്ടയില്‍ എം.ബി.ബി. എസി.ന് രണ്ടു റൗണ്ട് അലോട്ട്‌മെന്റാണ് നടത്തിയത്. ആദ്യറൗണ്ടില്‍ ജനറല്‍ വിഭാഗത്തില്‍ (ഓപ്പണ്‍/അണ്‍ റിസര്‍വ്ഡ്) അലോട്ട്‌മെന്റ് ലഭിച്ച അവസാന റാങ്ക് 11086ഉം രണ്ടാം റൗണ്ടില്‍ 15022ഉം ആയിരുന്നു.

രണ്ടാംറൗണ്ടിനുശേഷം ഓള്‍ ഇന്ത്യ ക്വാട്ടയില്‍ അവശേഷിക്കുന്ന സീറ്റുകള്‍ അതതു സംസ്ഥാനങ്ങള്‍ക്കു തിരികെ നല്‍കുന്ന രീതി 2021 - 22 പ്രവേശനം മുതല്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ മൂന്നും നാലും റൗണ്ടുകള്‍ ഓള്‍ ഇന്ത്യ ക്വാട്ട അലോട്ട്‌മെന്റില്‍ ഉണ്ടാകും.

ഓപ്പണ്‍/അണ്‍ റിസര്‍വ്ഡ് വിഭാഗത്തില്‍ എത്ര സീറ്റുകള്‍ രണ്ടാംറൗണ്ടിനു ശേഷം അവശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മൂന്നും നാലും റൗണ്ടുകളില്‍ ഏതു റാങ്ക് വരെയുള്ളവര്‍ക്ക് ഓപ്പണ്‍ വിഭാഗത്തില്‍ അലോട്ട്‌മെന്റ് ലഭിക്കും എന്നത്. അതിനാല്‍ ഏത് റാങ്ക് വരെയുള്ളവര്‍ക്ക് ഓള്‍ ഇന്ത്യ ക്വാട്ടയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുമെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ല. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും തിരികെ നല്‍കിയ മൊത്തം സീറ്റുകളുടെ എണ്ണം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഓരോ കാറ്റഗറിയിലും എത്ര സീറ്റുകള്‍ അവശേഷിച്ചിരുന്നു എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 2021 ജൂലായ് 30ലെ ഓഫീസ് മെമ്മോറാണ്ടം പ്രകാരമുള്ള 27 ശതമാനം ഒ.ബി.സി. സംവരണവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണവും കോടതിവിധിക്കു വിധേയമായി നടപ്പാക്കുന്ന പക്ഷം ജനറല്‍/ഓപ്പണ്‍/അണ്‍റിസര്‍വ്ഡ് വിഭാഗത്തിലെ സീറ്റ് ലഭ്യതയില്‍ മാറ്റമുണ്ടാകും.

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി 2021 പ്രവേശനത്തിനു ബാധകമായ സീറ്റ് മെട്രിക്‌സ് പ്രസിദ്ധപ്പെടുത്തുമ്പോള്‍ മാത്രമേ ഓള്‍ ഇന്ത്യ ക്വാട്ടയിലെ ഓരോ വിഭാഗത്തിലെയും സീറ്റ് ലഭ്യത മനസ്സിലാക്കാന്‍ കഴിയൂ. 2020ല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നാലുറൗണ്ട് അലോട്ട്‌മെന്റ് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തിയിരുന്നു. ഓരോ റൗണ്ടിലും ഓപ്പണ്‍ വിഭാഗത്തിലെ അവസാന റാങ്ക് ഇപ്രകാരമായിരുന്നു. റൗണ്ട്: 16076, 27575, 39116, 415564.

Content Highlights: MBBS Seat Allocation