ഞാന്‍ കേരളത്തിലാണ് ജനിച്ചത്. വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ താമസിക്കുന്നു. തമിഴ്‌നാട്ടില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് സര്‍ക്കാര്‍/സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഗവണ്‍മെന്റ് ക്വാട്ടയില്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം? ഫീസ് ഘടന എന്താണ്?

സജീവ്, ചെന്നൈ

തമിഴ്‌നാട്ടില്‍ ഗവണ്‍മെന്റ് ക്വാട്ടയില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് അപേക്ഷിക്കണമെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കിയ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതോടൊപ്പം പാസ്‌പോര്‍ട്ട്/റേഷന്‍ കാര്‍ഡ്/ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയിലൊന്നിന്റെ ഫോട്ടോകോപ്പിയും നല്‍കണം. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനു പകരമായി പെര്‍മെനന്റ് റെസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് പരിഗണിക്കില്ല.

തമിഴ്‌നാട്ടില്‍ താമസിക്കുന്ന, മറ്റുസംസ്ഥാനത്തുനിന്നുള്ളവര്‍ക്ക് തമിഴ്‌നാട് നേറ്റിവിറ്റിക്ക് പൊതുവേ അര്‍ഹതയുണ്ടാകില്ല. ചില വ്യവസ്ഥകള്‍ക്കുവിധേയമായി മറ്റുസംസ്ഥാനക്കാരെ തമിഴ്‌നാട് നേറ്റിവിറ്റിയുള്ളവരായി പരിഗണിക്കുന്നുണ്ട്. ആറാംക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ തുടര്‍ച്ചയായി തമിഴ്‌നാട്ടില്‍ പഠിച്ച മറ്റുസംസ്ഥാനക്കാരെ തമിഴ്‌നാട് നേറ്റീവുകളായി പരിഗണിക്കും. അവരെ ഓപ്പണ്‍ കാറ്റഗറിയില്‍ മാത്രമേ പരിഗണിക്കൂ. സംവരണ ആനുകൂല്യം അവര്‍ക്കു ലഭിക്കില്ല. 2021ലെ നീറ്റ് യു.ജി.ക്ക് മറ്റുസംസ്ഥാനത്തെ ഒരു വിദ്യാര്‍ഥിയായി അപേക്ഷിച്ചവര്‍ക്ക് ഇപ്പോള്‍ തമിഴ്‌നാട് നേറ്റിവിറ്റി അവകാശവാദം പ്രവേശനത്തില്‍ ഉന്നയിക്കാന്‍ കഴിയില്ല.

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഗവ. ക്വാട്ടയിലേക്കും തമിഴ്‌നാട് നേറ്റിവിറ്റിയുള്ളവരെ മാത്രമേ പരിഗണിക്കൂ.

തമിഴ്‌നാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 4000 രൂപയാണ്. മറ്റുഫീസുകള്‍ ഉള്‍പ്പെടെ 13,610 രൂപയാണ് പ്രവേശനസമയത്ത് നല്‍കേണ്ടത്. ചെന്നൈ കെ.കെ. നഗറിലെ ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളേജിലെ പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് ഒരു ലക്ഷം രൂപയാണ്. ഇവിടെ ഇ.എസ്.ഐ.സി. ഐ.പി. ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് 24,000 രൂപയാണ് പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് (ഐ.പി. ക്വാട്ട സീറ്റ് നികത്തുന്നത് എം.സി.സി. കൗണ്‍സലിങ് വഴിയാണ്. അഖിലേന്ത്യാതലത്തിലാണ് സീറ്റ് നികത്തുന്നത്)

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ്, തമിഴ്‌നാട് സര്‍ക്കാര്‍ നിയമിക്കുന്ന സമിതി നിശ്ചയിക്കും. 2020'21 ല്‍ നിശ്ചയിച്ച ഫീസാണ് 2021'22ലെ പ്രോസ്പ?െക്ടസില്‍ നല്‍കിയിട്ടുള്ളത്. അതനുസരിച്ച് എം.ബി.ബി.എസിന്റെ ഗവണ്‍മെന്റ് ക്വാട്ടയിലെ പ്രതിവര്‍ഷ ഫീസ് 3.85 ലക്ഷം രൂപമുതല്‍ നാലുലക്ഷം രൂപ വരെയാണ്. മാനേജ്‌മെന്റ് ക്വാട്ടയിലെ ഫീസ്, പ്രതിവര്‍ഷം 12.5 ലക്ഷം രൂപയും (വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ 48,330 രൂപ) എന്‍.ആര്‍.ഐ. ഫീസ് 23.5 ലക്ഷം രൂപയുമാണ്.

വിവരങ്ങള്‍ക്ക്: www.tnhealth.tn.gov.in

Content Highlights: MBBS admission in Tamil nadu