എം.സി.സി. വഴിയുള്ള എം.ബി.ബി.എസ്. അലോട്ട്‌മെന്റ് പ്രക്രിയയിലെ സ്‌ട്രേ വേക്കന്‍സികള്‍ക്ക് എങ്ങനെ അപേക്ഷിക്കണം? -ശ്രീരാജ്, തിരുവനന്തപുരം
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന എം.ബി.ബി. എസ്./ബി.ഡി.എസ്. കൗണ്‍സലിങ് പ്രക്രിയയില്‍ മോപ്അപ് റൗണ്ടിനുശേഷമുള്ള ഒറ്റപ്പെട്ട ഒഴിവുകളാണ് സ്‌ട്രേ വേക്കന്‍സി റൗണ്ടില്‍ നികത്തുന്നത്. മോപ്പപ്പ് റൗണ്ടില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനം നേടാനുള്ള സമയപരിധി ഡിസംബര്‍ 29 ആയിരുന്നു. അതിനുശേഷമുള്ള ഒഴിവുകളാണ് സ്‌ട്രേ വേക്കന്‍സി റൗണ്ടില്‍ സ്ഥാപന തലത്തില്‍ നികത്തുന്നത്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍), കേന്ദ്രസര്‍വകലാശാലകള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി.) കോളേജുകള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ ഒഴിവുള്ള സീറ്റുകളാണ് ഈ റൗണ്ടില്‍ ഉള്‍പ്പെടുക.
ഈ റൗണ്ടിലേക്ക് പുതിയ രജിസ്‌ട്രേഷന്‍ ഉണ്ടാകില്ല. എം.സി.സി. അലോട്ട്‌മെന്റിന്റെ ആദ്യ മൂന്നുറൗണ്ടുകളിലേക്ക് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ സ്‌ട്രേ വേക്കന്‍സി റൗണ്ടിലേക്ക് പരിഗണിക്കൂ. എം.സി.സി. രണ്ടാം റൗണ്ടിനുശേഷം, ഒരു അഡ്മിഷന്‍ ഉള്ളവര്‍, എം.സി.സി. മോപ്പപ്പ് റൗണ്ടില്‍ അലോട്ട്‌മെന്റ് കിട്ടി പ്രവേശനം നേടാത്തവര്‍/പ്രവേശനം നേടിയവര്‍ എന്നിവര്‍ക്ക് സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല.
രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍നിന്ന് ഒഴിവുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കാവുന്നവരെ ഉള്‍പ്പെടുത്തിയ പട്ടിക, എം.സി.സി. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കൈമാറും. പട്ടിക എം.സി.സി. സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. പട്ടികയില്‍ പേരുള്ള, ഈ റൗണ്ടില്‍ താത്പര്യമുള്ളവര്‍ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)
Content Highlights: MBBS admission, how to apply for stray vacancy allotment