ഒ.ബി.സി. റിസര്‍വേഷന്‍ ഉള്ളവര്‍ക്ക് എത്ര റാങ്ക് കേരള മെഡിക്കല്‍ റാങ്ക് പട്ടികയില്‍ ഉണ്ടെങ്കിലാണ് സ്വകാര്യ സ്വാശ്രയ കോളേജില്‍ എം.ബി.ബി.എസ്. സീറ്റു കിട്ടുക?

അനിത, വയനാട്

:കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തില്‍ ഒ.ബി.സി. സംവരണം ഇല്ല. കേന്ദ്രസര്‍ക്കാര്‍ അലോട്ട്‌മെന്റിലാണ് ഒ.ബി.സി. സംവരണം ഉള്ളത്. ഒ.ബി.സി. ആനുകൂല്യമുള്ള എല്ലാ വിഭാഗക്കാരെയും ഒറ്റ വിഭാഗമായി പരിഗണിച്ചാണ് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി സീറ്റ് അനുവദിക്കുന്നത്. കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് എസ്.ഇ.ബി.സി. (സോഷ്യലി ആന്‍ഡ് എജ്യുക്കേഷണലി ബാക്‌വേര്‍ഡ് ക്ലാസസ്) സംവരണമാണുള്ളത്. മാത്രമല്ല അതില്‍ ഒന്പത് ഉപവിഭാഗങ്ങള്‍ക്ക് ഒരോന്നിനും നിശ്ചിത ശതമാനം സീറ്റ് നീക്കിെവച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ എസ്.ഇ.ബി.സി. വിഭാഗത്തിലെ ഏത് ഉപവിഭാഗ സംവരണമുള്ള അപേക്ഷാര്‍ഥിയാണെന്നറിയാതെ സാധ്യത വിലയിരുത്താന്‍ കഴിയില്ല.

2020ല്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം റൗണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ (10.12.2020) കേരള മെഡിക്കല്‍ റാങ്ക് 8955 വരെയുള്ളവര്‍ക്ക് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് സ്റ്റേറ്റ് മെരിറ്റില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്.

എസ്.ഇ.ബി.സി. സംവരണ സീറ്റില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിവിധ ഉപവിഭാഗങ്ങളില്‍ രണ്ടാം റൗണ്ടില്‍ അവസാനമായി എം.ബി.ബി.എസ്. അലോട്ട്‌മെന്റ് ലഭിച്ചവരുടെ കേരള മെഡിക്കല്‍ റാങ്ക് ഇപ്രകാരമായിരുന്നു: ഈഴവ  9645, മുസ്‌ലിം  10168, പിന്നാക്ക ഹിന്ദു  8967, ലാറ്റിന്‍ കാത്തലിക് ആന്‍ഡ് ആംഗ്ലോ ഇന്ത്യന്‍  13312, ധീവര  9183, വിശ്വകര്‍മ  15010, പിന്നാക്ക ക്രിസ്ത്യന്‍  9512, കുടുംബി 20102, കുശവന്‍  11903.

പട്ടികജാതി വിഭാഗത്തില്‍ 15128 വരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ 23859 വരെയും റാങ്കുള്ളവര്‍ക്ക് രണ്ടാം റൗണ്ടില്‍ ഈ കോളേജുകളില്‍ എം.ബി.ബി.എസ്. അലോട്ട്‌മെന്റ് ലഭിച്ചു.

തുടര്‍ന്ന് നടന്ന മോപ് അപ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ചില വിഭാഗങ്ങളിലെ അവസാന അലോട്ടുമെന്റ് റാങ്ക് താഴേക്കു വന്നു. സ്വാശ്രയ എം.ബി.ബി.എസ്. അവസാന റാങ്കുകള്‍ മാറിയത് ഈ വിഭാഗങ്ങളിലായിരുന്നു. എസ്.എം. 10439, ഇ.ഇസഡ. 10606, എം.യു.  11074, ബി.എച്ച്.  9535, വി.കെ.  15945, എസ്.ടി. 23950.

രണ്ടാം റൗണ്ടില്‍ ഓള്‍ ഇന്ത്യ മെറിറ്റ് മൈനോറിറ്റി, എന്‍.ആര്‍.ഐ. സീറ്റ് അവസാന കേരള റാങ്കുകള്‍: ഓള്‍ ഇന്ത്യ മെറിറ്റ്  6291, മുസ്‌ലിം മൈനോറിറ്റി  10199, ക്രിസ്ത്യന്‍ മൈനോറിറ്റി  13927, എന്‍.ആര്‍.ഐ.  41194

അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ സ്വാശ്രയ എം.ബി.ബി.എസ്. അവസാന റാങ്കുകള്‍ (മാറിയവ) ഇങ്ങനെ: ഓള്‍ ഇന്ത്യ മെരിറ്റ്  9690, മുസ്‌ലിംമൈനോറിറ്റി  11517, എന്‍.ആര്‍.ഐ.  42431

നിങ്ങളുടെ കാറ്റഗറിക്കനുസരിച്ച് മുന്‍വര്‍ഷത്തെ പ്രവണത ഈ വിവരത്തില്‍നിന്നും മനസ്സിലാക്കാം. ആ പ്രവണത ഈ വര്‍ഷം അതേപടി ആവര്‍ത്തിക്കണമെന്നില്ല. രണ്ടാം റൗണ്ടിലെ കോളേജ്/കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് നില www.ceekerala.org യിലും അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോഴുള്ള കോളേജ്/കാറ്റഗറി തല അവസാന റാങ്ക് നില www.cee.kerala.gov.in ലും ലഭിക്കും.