ask expertകേരളത്തില്‍ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ മാര്‍ക്ക് നോര്‍മലൈസേഷന്‍ എങ്ങനെയാണ്?- വിനായക്, തിരുവനന്തപുരം

കേരളത്തില്‍ പാരാമെഡിക്കല്‍ ഡിഗ്രി പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാന്‍ പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷയിലെ നിശ്ചിത വിഷയങ്ങളുടെ (പൊതുവേ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി; ചിലതിന് ഇംഗ്ലീഷ് മാര്‍ക്കും പരിഗണിക്കും) മാര്‍ക്കാണ് പരിഗണിക്കുന്നത്.

കേരള ഹയര്‍ സെക്കന്‍ഡറിയില്‍ പഠിച്ച കുട്ടികളുടെ കാര്യത്തില്‍, പരിഗണിക്കുന്ന ഓരോ വിഷയത്തിലും അവര്‍ക്കു രണ്ടാംവര്‍ഷ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് 100-ല്‍ ആക്കിയ ശേഷം പരിഗണിക്കുന്ന 3/4 വിഷയങ്ങള്‍ക്കു ലഭിച്ച മൊത്തം മാര്‍ക്ക് കണക്കാക്കി അത്, റാങ്കിങ്ങിന് പരിഗണിക്കും.

മറ്റു ബോര്‍ഡില്‍ പഠിച്ചവരുടെ കാര്യത്തില്‍ ബാധകമായ വിഷയങ്ങളില്‍ ഓരോന്നിലും ലഭിച്ച മാര്‍ക്ക് കേരള ഹയര്‍ സെക്കന്‍ഡറി മാര്‍ക്കുമായി താരതമ്യം ചെയ്യാവുന്ന രീതിയിലാക്കും.

കേരള ഹയര്‍ സെക്കന്‍ഡറിയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തില്‍ 100-ല്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് A ആണെന്നും മറ്റേതെങ്കിലും ഒരു സ്ട്രീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്, അതേ വിഷയത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് B ആണെന്നും സങ്കല്പിക്കുക. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഒരു കുട്ടിയുടെ ആവിഷയത്തിലെ മാര്‍ക്ക് നോര്‍മലൈസ് ചെയ്യുന്നത്.

കേരള ഹയര്‍ സെക്കന്‍ഡറി ഇതര സ്ട്രീമില്‍ ഒരു വിഷയത്തില്‍ ഒരു വിദ്യാര്‍ഥിക്കു ലഭിച്ച മാര്‍ക്ക് C ആകട്ടെ. തന്റെ ബോര്‍ഡില്‍ ആ വിഷയത്തിനു സ്‌കോര്‍ ചെയ്യപ്പെട്ട പരമാവധി മാര്‍ക്ക് B ആയിരുന്നപ്പോള്‍ തനിക്ക് കിട്ടിയ മാര്‍ക്ക് C. പരമാവധി മാര്‍ക്ക് A ആയിരുന്നെങ്കില്‍ തനിക്കു കിട്ടാമായിരുന്ന മാര്‍ക്ക് ആകും നോര്‍മലൈസ് ചെയ്യപ്പെട്ട മാര്‍ക്ക്. അപ്പോള്‍ ഇതര സ്ട്രീമിലെ ഈ വിദ്യാര്‍ഥിയുടെ ആ വിഷയത്തിലെ നോര്‍മലൈസ് ചെയ്ത മാര്‍ക്ക്, [(A x C)/B] ആയിരിക്കും. ഇതാണ് ഒരു വിഷയത്തിലെ മാര്‍ക്കിന്റെ നോര്‍മലൈസേഷന്‍ തത്ത്വം.

ഉദാ: A = 99, B = 95, C = 85 ആണെങ്കില്‍ കുട്ടിയുടെ ഈ വിഷയത്തിലെ നോര്‍മലൈസ് ചെയ്യപ്പെട്ട മാര്‍ക്ക്, [(99x 85)/95] = 88.5789 ആയിരിക്കും. ബാധകമായ മറ്റു വിഷയങ്ങളുടെ മാര്‍ക്കുകളും ഇതേ തത്ത്വം ഉപയോഗിച്ച് ക്രമീകരിക്കും. ക്രമീകരിക്കപ്പട്ട മൂന്ന്/നാല് മാര്‍ക്കും കൂട്ടി ഇന്‍ഡക്‌സ് മാര്‍ക്ക് കണ്ടെത്തും. പരമാവധി മര്‍ക്ക് മൂന്ന് വിഷയം പരിഗണിക്കുന്ന റാങ്ക് പട്ടികയില്‍ 300-ഉം നാല് വിഷയങ്ങള്‍ പരിഗണിക്കുന്നെങ്കില്‍ 400-ഉം ആയിരിക്കും.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയ്ക്കാന്‍ സ്ന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Mark Normalisation Process for Paramedical Degree Courses Admissions