മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ യു.ജി. പ്രൈവറ്റ് രജിസ്‌ട്രേഷനില്‍ ഫുള്‍ കോഴ്‌സ്, നോണ്‍ ഫുള്‍ കോഴ്‌സ് എന്ന രണ്ടുവിഭാഗങ്ങള്‍ കാണുന്നു. ഞാന്‍ പ്ലസ് ടു പൂര്‍ത്തിയാക്കി. ഇവയില്‍ ഏതാണ് ഞാന്‍ തിരഞ്ഞെടുക്കേണ്ടത്?

അശ്വതി, പത്തനംതിട്ട

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷനില്‍ രണ്ടുതരം രജിസ്‌ട്രേഷനുകള്‍ ലഭ്യമാണ്. പ്ലസ് ടു കഴിഞ്ഞ് ആദ്യമായി ത്രിവത്സര ബിരുദ കോഴ്‌സ് പൂര്‍ണമായി ചെയ്യണമെന്നുണ്ടെങ്കില്‍/നിശ്ചിത ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കി മറ്റൊരു കോഴ്‌സ് പൂര്‍ണമായും ചെയ്യണമെങ്കില്‍ ഫുള്‍ കോഴ്‌സ് വിഭാഗത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ഒരു ബിരുദ കോഴ്‌സ് കഴിഞ്ഞവര്‍ക്ക്, അധികയോഗ്യത നേടാന്‍/നിലവിലെ കോഴ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവസരമൊരുക്കുന്ന പദ്ധതിയാണ് നോണ്‍ഫുള്‍ കോഴ്‌സ്.

ഫുള്‍ കോഴ്‌സില്‍ മൂന്നുതരത്തിലുള്ള കോഴ്‌സുകള്‍ ഉണ്ട്. ബി.എ./ബി.കോം. ഫുള്‍ കോഴ്‌സാണ് ഒന്ന്. രണ്ടാമത്തേത് പ്രൊഫഷണല്‍ ബിരുദമെടുത്തവര്‍ക്ക് പഠിക്കാവുന്ന ബി.എ./ബി.കോം. കോഴ്‌സ്. മൂന്നാമത്തേത്, ബി.കോം. ബിരുദധാരികള്‍ക്ക് പഠിക്കാവുന്ന ബി.എ. പ്രോഗ്രാം. ഏതായാലും ആറ് സെമസ്റ്റര്‍ പഠിക്കണം. ഈ കോഴ്‌സുകളുടെ ഒന്ന്, രണ്ട് സെമസ്റ്ററുകളുടെ പരീക്ഷ, റഗുലര്‍ വിദ്യാര്‍ഥികളുടെ സെമസ്റ്റര്‍ രണ്ട് പരീക്ഷയ്‌ക്കൊപ്പം നടത്തും. മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ക്കൊപ്പം നടത്തും.

നോണ്‍ ഫുള്‍ കോഴ്‌സുകളില്‍ വിവിധ സാധ്യതകള്‍ ഉണ്ട്. ബി.എ./ബി.കോം. രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകള്‍, ബി.കോം. അഡീഷണല്‍ ഓപ്ഷണല്‍/ഇലക്ടീവ്, ബി.എ./ബി.എസ്‌സി./ബി.കോം. ബിരുദക്കാര്‍ക്ക് രണ്ടാം ഭാഷാ മാറ്റം, ബി.എ./ബി.എസ്‌സി./ബി.കോം. തോറ്റവരുടെ രണ്ടാം ഭാഷാ മാറ്റം, ബി.എ./ബി.എസ്‌സി. ബിരുദക്കാര്‍ക്ക് അധിക ബിരുദം, ബി.എ./ബി.എസ്‌സി. തോറ്റവര്‍ക്ക് ഓപ്ഷണല്‍/ഫാക്കല്‍റ്റി മാറ്റം, ബി.എ./ബി. എസ്‌സി. പഠനം ഉപേക്ഷിച്ചവര്‍ക്ക് നാലാം സെമസ്റ്ററിലെ ഫാക്കല്‍റ്റി മാറ്റം, പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്ക് അധിക ബിരുദം, ബി.കോം. ബിരുദക്കാര്‍ക്ക് കോമണ്‍ കോഴ്‌സ് I ആന്‍ഡ് II രജിസ്‌ട്രേഷന്‍ എന്നിവയാണ് നോണ്‍ ഫുള്‍ കോഴ്‌സ് വിഭാഗത്തിലുള്ളത്. ഇവയില്‍ ഓരോന്നിന്റെയും വ്യവസ്ഥകള്‍ www.mgu.ac.in/privateregitsration/ ല്‍ കിട്ടും.

നിങ്ങള്‍ നിലവില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ, ഒരു ബിരുദമെടുക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥിയാണെങ്കില്‍, ബി.എ. അല്ലെങ്കില്‍ ബി.കോം. ഫുള്‍ കോഴ്‌സാണ് തിരഞ്ഞെടുക്കേണ്ടത്. ബി.എ. ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇസ്‌ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി എന്നിവയിലൊന്ന് മുഖ്യവിഷയമായെടുക്കാം. ബി.കോം. എങ്കില്‍, കോഓപ്പറേഷന്‍, ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ ഇലക്ടീവുകളിലൊന്ന് തിരഞ്ഞെടുക്കാം.

Content Highlights: Mahatma Gandhi University UG private registration