പ്ലസ്ടു വിദ്യാർഥിയാണ്. അഭിഭാഷകയാകാനാണ് താത്‌പര്യം. എങ്ങനെ മുന്നോട്ടുപോകണം?-ലക്ഷ്മി, കാസർകോട്

ഭിഭാഷകയാകാൻ നിയമബിരുദമെടുക്കണം. ബിരുദമെടുത്തശേഷം ബാർ കൗൺസിൽ എൻ​റോൾമെന്റ് നടപടികൾ പൂർത്തിയാക്കണം. ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ യോഗ്യത നേടിയശേഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാം.

പ്ലസ്ടു കഴിഞ്ഞ്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രോഗാമിന് ചേർന്ന് നിയമബിരുദമെടുക്കാം. കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പ്രവേശനപ്രക്രിയയിൽ താത്‌പര്യമുണ്ടെങ്കിൽ സർക്കാർ/സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രവേശനത്തിന് അപേക്ഷിക്കണം. പ്രവേശനപരീക്ഷയുണ്ട്. വിവിധ സ്ഥാപനങ്ങളിലായി അഞ്ചുവർഷത്തെ ബി.എ./ബി.കോം./ ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാമുണ്ട്.

മഹാത്മാഗാന്ധി സർവകലാശാല, സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്: ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാം. പ്രവേശനപരീക്ഷയുണ്ട്.

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്: ബി.കോം./ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാമുകൾ. പ്രവേശനം 'കാറ്റ്' വഴി.

കണ്ണൂർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്: ബി.എ. എൽഎൽ.ബി.

അലിഗഢ് മുസ്ലിം സർവകലാശാല, മലപ്പുറം സെന്റർ: ബി.എ. എൽഎൽ.ബി. പ്രോഗ്രാം. പ്രവേശനപരീക്ഷയുണ്ടാകും. അലിഗഢ്, മുർഷിദാബാദ് കാമ്പസുകളിലും പ്രോഗ്രാം ലഭ്യമാണ്.

കേരള ലോ അക്കാദമി, തിരുവനന്തപുരം - ബി.എ./ബി.കോം. എൽഎൽ.ബി.

കേരളത്തിനകത്തോ പുറത്തോ ദേശീയ നിയമ സർവകലാശാലകളിൽ നിയമം പഠിക്കാൻ താത്‌പര്യമുണ്ടെങ്കിൽ 22 ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) അഭിമുഖീകരിക്കണം. അതുവഴി കൊച്ചിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവൽസ്) ബി.എ. എൽഎൽ.ബി. (ഓണേഴ്സ്) പ്രവേശനത്തിന് അവസരമുണ്ട്. മറ്റ് 21 ദേശീയ നിയമസർവകലാശാലകളിലും ബി.എ. എൽഎൽ.ബി. ഉണ്ട്. ചിലതിൽ, ബി.കോം./ബി.എസ്സി./ബി. ബി.എ./ ബി.എസ്.ഡബ്ല്യു. എൽഎൽ.ബി. (ഓണേഴ്സ്) പഠിക്കാം

ബി.എ. എൽഎൽ.ബി. പഠനം ന്യൂഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടത്താം. ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് എഴുതണം.

അഞ്ചുവർഷ ഇന്റഗ്രേറ്റഡ് നിയമം പഠിക്കാൻ അവസരമുള്ള മറ്റുചില സർവകലാശാലകൾ: ബനാറസ് ഹിന്ദു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല - ബി.എ. എൽഎൽ.ബി. (ഓണേഴ്സ്) - പ്രവേശനപരീക്ഷ വഴി, ലഖ്നൗ സർവകലാശാല - എൽഎൽ.ബി (ഇന്റഗ്രേറ്റഡ്) അഞ്ചുവർഷം - പ്രവേശനപരീക്ഷയുണ്ടാകും.

ഒട്ടേറെ കല്പിത സർവകലാശാലകളിലും സ്വകാര്യ സർവകലാശാലകളിലും അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം ഉണ്ട്. ബിരുദത്തിനുശേഷം മൂന്നുവർഷ എൽഎൽ.ബി. എടുത്തശേഷവും മറ്റുനടപടികൾ പൂർത്തിയാക്കി അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യാം.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Law graduation, best law colleges, CLAT Ask Expert