ask expertഐ.ഐ.ടി. ജാം ഫിസിക്‌സ് പരീക്ഷയെക്കുറിച്ചു വിശദീകരിക്കാമോ?- ദീപക്, പാലക്കാട്

വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.കള്‍) യിലെ പോസ്റ്റ് ബാച്ചിലര്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയന്റ്് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സ് (ജാം). ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ബെംഗളൂരു) ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും ജാം സ്‌കോര്‍ ഉപയോഗിക്കും. കൂടാതെ എന്‍.ഐ.ടി.കള്‍, ഐ.ഐ.ഇ.എസ്.ടി. (ഷിബ്പുര്‍), എസ്.എല്‍.ഐ.ഇ.ടി. (പഞ്ചാബ്), ഐസര്‍ തുടങ്ങിയ സെന്‍ട്രലി ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അവരുടെ പി.ജി. പ്രോഗ്രാം പ്രവേശനത്തിനും ജാം സ്‌കോര്‍ ഉപയോഗിച്ചുവരുന്നു.

ഫിസിക്‌സ് കൂടാതെ ബയോടെക്‌നോളജി, കെമിസ്ട്രി, ഇക്കണോമിക്‌സ്, ജിയോളജി, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

വിഷയങ്ങള്‍ക്കനുസരിച്ച് എം.എസ്‌സി. (രണ്ടുവര്‍ഷം), ജോയന്റ് എം.എസ്‌സി.  പിഎച്ച്.ഡി., എം.എസ്‌സി. പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി, എം.എസ്‌സി. എം.എസ്. (റിസര്‍ച്ച്)/പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി, എം.എസ്‌സി. എം.ടെക്. ഡ്യുവല്‍ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലര്‍ ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിവയിലെ പ്രവേശനമാണ് മുഖ്യമായും ജാം അടിസ്ഥാനമാക്കി നടത്തുന്നത്.

യോഗ്യതയ്ക്കും ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമിനുമനുസരിച്ച് ഒരാള്‍ക്ക് രണ്ട് പേപ്പര്‍ വരെ അഭിമുഖീകരിക്കാം. ഓണ്‍ലൈന്‍ രീതിയില്‍ കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആയി നടത്തുന്ന പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ്, മള്‍ട്ടിപ്പിള്‍ സെലക്ട്, ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും.

ബിരുദതല യോഗ്യതാപരീക്ഷയില്‍ അപേക്ഷാര്‍ഥിക്ക് മൊത്തത്തില്‍ 55 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50%)/സി.ജി.പി.എ./സി.പി.ഐ. 5.5 (5.0) ഉണ്ടായിരിക്കണം. ജാം ഫിസിക്‌സ് പേപ്പര്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം തേടാവുന്ന പ്രോഗ്രാമുകള്‍:

* എം.എസ്‌സി: ഫിസിക്‌സ്, അപ്ലൈഡ് ജിയോഫിസിക്‌സ്, അസ്‌ട്രോണമി

* ജോയന്റ് എം.എസ്‌സി. പിഎച്ച്.ഡി: ഫിസിക്‌സ്, അറ്റ്‌മോസ്ഫറിക് ആന്‍ഡ് ഓഷ്യന്‍ സയന്‍സസ്, മെഡിക്കല്‍ ഫിസിക്‌സ്, ജിയോഫിസിക്‌സ്

* എം.എസ്‌സി.പിഎച്ച്ഡി. ഡ്യുവല്‍ ഡിഗ്രി: എനര്‍ജി, എന്‍വയോണ്‍മന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്,

* എം.എസ്‌സി. (ടെക്): അപ്ലൈഡ് ജിയോഫിസിക്‌സ്

* എം.എസ്‌സി. എം.ടെക്. ഡ്യുവല്‍ ഡിഗ്രി: ഫിസിക്‌സ് ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ്

കൂടാതെ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. ഇന്‍ ഫിസിക്കല്‍ സയന്‍സസ് പ്രവേശനത്തിനും ജാം പരിഗണിക്കും. ജാം പരീക്ഷ 2022 ഫെബ്രുവരി 13ന് നടക്കും. അപേക്ഷ ഓഗസ്റ്റ് 30 മുതല്‍ ഒക്ടോബര്‍ 11 വരെ നല്‍കാം. വിവരങ്ങള്‍ക്ക്: jam.iitr.ac.in.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com /education/help-desk /ask-expert)

Content Highlights: Know more about IIT JAM entrance exam