കേരള കാർഷിക സർവകലാശാലയിലെ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് ബി.എസ്സി. ഓണേഴ്സ് പ്രോഗ്രാം പ്രവേശനത്തിന്റെ തിരഞ്ഞെടുപ്പ് പ്ലസ്ടു മാർക്ക് അടിസ്ഥാനത്തിലാണോ? -ശ്രുതി, തൃശ്ശൂർ

കാർഷിക സർവകലാശാല നടത്തുന്ന ബി.ടെക്. ബയോടെക്നോളജി, ബി.എസ്സി. (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബി.എസ്സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് എന്നീ മൂന്നു പ്രോഗ്രാമുകളിലെയും 2020-ലെ പ്രവേശനം സർവകലാശാല നടത്തുന്ന ഒരു പൊതു പ്രവേശനപരീക്ഷ വഴിയായിരിക്കും.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ ഹയർ സെക്കൻഡറി സിലബസ് അടിസ്ഥാനപ്പെടുത്തി ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. അപേക്ഷകരുടെ എണ്ണമനുസരിച്ച് പരീക്ഷാ തീയതിയും പരീക്ഷാകേന്ദ്രങ്ങളും സർവകലാശാല നിശ്ചയിക്കും. കൃത്യമായ കേന്ദ്രം, പരീക്ഷാ സമയം എന്നിവ ഹാൾ ടിക്കറ്റിൽ വ്യക്തമാക്കിയിരിക്കും. ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമായിരിക്കും പ്രവേശനം.

മൂന്നു കോഴ്സുകൾക്കും അപേക്ഷകർ യോഗ്യതാപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം. ക്ലൈമറ്റ്ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ് പ്രവേശനം തേടുന്നവർ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഹയർ സെക്കൻഡറി പരീക്ഷയിൽ 50 ശതമാനം മാർക്ക് അപേക്ഷാർഥിക്ക് ഉണ്ടായിരിക്കണം. പട്ടികവിഭാഗക്കാർ യോഗ്യതാപരീക്ഷ ജയിച്ചിരുന്നാൽ മതി.

2021-'22 അധ്യയനവർഷംമുതൽ ഈ മൂന്നു പ്രോഗ്രാമുകളിലെയും പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അടിസ്ഥാനമാക്കിയാകും. ഈ പരീക്ഷയുടെ റാങ്ക്/സ്കോർ പരിഗണിച്ച്, കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നുമാകും പ്രവേശനം. ഇതു സംബന്ധിച്ചുള്ള കേരള കാർഷിക സർവകലാശാലയുടെ തീരുമാനം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ 2021-'22 മുതൽ ഈ കോഴ്സുകളിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ നീറ്റ് യു.ജി. അഭിമുഖീകരിച്ച് യോഗ്യത നേടണം. അതോടൊപ്പം കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണർക്കും യഥാസമയം അപേക്ഷിക്കാൻ ശ്രദ്ധിക്കണം. ഇതിലേക്കുള്ള അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ അലോട്ട്മെന്റിന്റെ ഭാഗമാക്കാൻ കാർഷിക സർവകലാശാല നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english.mathrubhumi.com /education/help-desk /ask-expert)

Content Highlights: Kerala Agricultural unversity B.Sc Honors course, ask expert