കേരളത്തില്‍ കാര്‍ഷിക കോളേജ് പ്രവേശനം എപ്പോള്‍ ആരംഭിക്കും? അതിനായി എന്തുചെയ്യണം?

ഹരിഗോവിന്ദ്, എറണാകുളം

കേരളത്തില്‍ കാര്‍ഷിക കോളേജില്‍ പ്രോഗ്രാമിനനുസരിച്ച് വിവിധ സ്ട്രീമുകള്‍ വഴി പ്രവേശനം നടത്തുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് നടത്തുന്ന പ്രവേശനപരീക്ഷ വഴിയുള്ള പ്രവേശനമാണ് അതിലൊന്ന്. ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ അഡ്മിഷന്‍ (എ.ഐ. ഇ.ഇ.എ.) ടു അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് വഴി, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍, ബി. എസ്‌സി. ഫോറസ്ട്രി, ബി.ടെക്. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് എന്നിവയിലെ നിശ്ചിത ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ നികത്തിവരുന്നു.

2021ലെ ഈ പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡ് ഇപ്പോള്‍ icar.nta.ac.in ല്‍ ലഭ്യമാണ്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള കൗണ്‍സലിങ് നടപടികള്‍ ഐ.സി.എ.ആര്‍. നേരിട്ടാണ് നടത്തുന്നത്.

കൗണ്‍സലിങ് നടപടികള്‍ തുടങ്ങുമ്പോള്‍ യൂണിവേഴ്‌സിറ്റി ചോയ്‌സ് നല്‍കി അലോട്ട്‌മെന്റ് നടപടികളില്‍ പങ്കെടുക്കുക. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി icarexam.net, icar.org.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക.

കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന ബി.ടെക്. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്, ബി.ടെക്. ഫുഡ് ടെക്‌നോളജി പ്രവേശനമാണ് രണ്ടാമത്തേത്. കേരള എന്‍ജിനിയറിങ് റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിലുള്ള ഈ പ്രോഗ്രാമുകളിലേക്കുള്ള അലോട്ട്‌മെന്റിന്റെ രണ്ടു റൗണ്ടുകള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാംറൗണ്ട് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രവേശനത്തിനുള്ള മൂന്നാമത്തെ സ്ട്രീം നീറ്റ് യു.ജി. 2021 റാങ്ക്/സ്‌കോര്‍ അടിസ്ഥാനമാക്കി കേരള പ്രവേശനപരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കുന്ന റാങ്ക്പട്ടിക ആധാരമാക്കിയുള്ള മെഡിക്കല്‍ അനുബന്ധ പ്രോഗ്രാമുകളിലേക്കുള്ള അലോട്ട്‌മെന്റാണ്.

ഇതിന്റെ പരിധിയില്‍വരുന്ന, കാര്‍ഷിക സര്‍വകലാശാലയിലെ പ്രോഗ്രാമുകള്‍: ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്‌സി. ഫോറസ്ട്രി, ബി.എസ്‌സി. കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ബി.എസ്‌സി. ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബി.ടെക്. ബയോടെക്‌നോളജി.

കീം മെഡിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷ കൊടുത്തവര്‍, പ്രോസ്‌പെക്ടസ് പ്രകാരമുള്ള പ്രവേശനയോഗ്യതയുണ്ടെങ്കില്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ ആവശ്യപ്പെടുന്നമുറയ്ക്ക്, അവരുടെ നീറ്റ് യു.ജി. 2021 സ്‌കോര്‍ അപ്‌ലോഡ് ചെയ്യണം/കണ്‍ഫര്‍മേഷന്‍ നടത്തണം. തുടര്‍ന്ന് റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തും. അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങുമ്പോള്‍, റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് ഓപ്ഷന്‍ നല്‍കി പ്രക്രിയയില്‍ പങ്കെടുക്കാം.

Content Highlights: Kerala Agricultural College Admissions 2021