കീം അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നു. മൂന്നാം അലോട്ട്‌മെന്റിനുമുമ്പ് കോളേജ് ഓപ്ഷനുകള്‍ മാറ്റാന്‍ അവസരം കിട്ടുമോ?

അരോഹി, തൃശ്ശൂര്‍

കേരളത്തിലെ 2021ലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി അലോട്ട്‌മെന്റുകളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാംറൗണ്ട് അലോട്ട്‌മെന്റാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടയ്ക്കണമായിരുന്നു. നിശ്ചിതതീയതിക്കകം കോളേജില്‍ പ്രവേശനം നേടണം. വിദ്യാര്‍ഥികളുടെ ഹോം പേജില്‍ അവശേഷിക്കുന്ന ഓപ്ഷനുകള്‍, അവരുടെ അലോട്ട്‌മെന്റ്/പ്രവേശന സ്റ്റാറ്റസുമായി ബന്ധപ്പെട്ടായിരിക്കും.

അലോട്ട്‌മെന്റ് ലഭിച്ച് ഫീസടയ്ക്കാത്തവര്‍, ഫീസടച്ച് കോളേജില്‍ പ്രവേശനം നേടാത്തവര്‍ എന്നിവരുടെ ബന്ധപ്പെട്ട സ്ട്രീമിലെ അവശേഷിക്കുന്ന ഓപ്ഷനുകള്‍ എല്ലാംതന്നെ നഷ്ടപ്പെടും. ഒരു അലോട്ട്‌മെന്റും ലഭിക്കാത്തവരുടെ കാര്യത്തില്‍ രണ്ടാം റൗണ്ടിനുവേണ്ടി കണ്‍ഫര്‍മേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍, രണ്ടാം റൗണ്ടിനായി ഹോം പേജില്‍ നിലനിര്‍ത്തിയിരുന്ന ഓപ്ഷനുകള്‍ എല്ലാംതന്നെ മൂന്നാം റൗണ്ടിലേക്ക് ഉണ്ടാകും. പ്രവേശനമെടുത്തവരുടെ കാര്യത്തില്‍ രണ്ടാംറൗണ്ടിനുശേഷം അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ മൂന്നാംറൗണ്ടിലേക്ക് ഉണ്ടാകും.

മൂന്നാംറൗണ്ടില്‍ പങ്കെടുക്കാന്‍ ഇരുവിഭാഗക്കാരും അവരുടെ ഹോംപേജില്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. മൂന്നാം റൗണ്ട് വിജ്ഞാപനം വന്നതിനാല്‍ ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഓപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ അവസരം ഉണ്ട്.. തുടര്‍ന്ന്, തങ്ങളുടെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം കിട്ടും. ഓപ്ഷന്‍ പട്ടികയില്‍ അവശേഷിക്കുന്ന ഓപ്ഷനുകളില്‍, ഇനിയുള്ള റൗണ്ടില്‍ പരിഗണിക്കപ്പെടാന്‍ താത്പര്യമില്ലാത്തവ പട്ടികയില്‍നിന്ന് ഒഴിവാക്കാം.

പട്ടികയിലുള്ള ഓപ്ഷനുകളുടെ മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്താം. പ്രവേശനമെടുത്തവരുടെ കാര്യത്തില്‍ ഇപ്പോള്‍ നേടിയ അഡ്മിഷനില്‍ പൂര്‍ണ തൃപ്തിയുണ്ടെങ്കില്‍, ഇനിയൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കില്‍, അവശേഷിക്കുന്ന ഓപ്ഷനുകള്‍ എല്ലാം റദ്ദാക്കാം (അഡ്മിഷന്‍ എടുത്തവര്‍ കണ്‍ഫര്‍മേഷന്‍ നടത്താതിരുന്നാല്‍ അവരുടെ അവശേഷിക്കുന്ന ഓപ്ഷന്‍ സ്വയമില്ലാതാകും. പക്ഷേ, നിലവിലെ അഡ്മിഷന്‍ നിലനില്‍ക്കും). രണ്ടാംറൗണ്ടിനുശേഷം പുതിയ ഓപ്ഷനുകള്‍ എന്തെങ്കിലും അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയില്‍ താത്പര്യമുണ്ടെങ്കില്‍ ഓപ്ഷന്‍ പട്ടികയില്‍ താത്പര്യമുള്ള സ്ഥാനത്ത് ഉള്‍പ്പെടുത്താം. പക്ഷേ, ആദ്യറൗണ്ടില്‍ ലഭ്യമായിരുന്നതും അന്ന് ഓപ്ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതുമായ ഒരു ഓപ്ഷനും ഈ ഘട്ടത്തില്‍ ഓപ്ഷന്‍ പട്ടികയിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയില്ല. അതിനാല്‍, ഇവിടെ സൂചിപ്പിച്ച രീതിയിലുള്ള മാറ്റങ്ങള്‍ ഓപ്ഷനില്‍ നടത്താം. അവശേഷിക്കുന്ന ഓപ്ഷനുകള്‍ പൂര്‍ണമായും ഒഴിവാക്കി, ലഭ്യമായിരുന്നതും അന്നു കൊടുക്കാത്തതുമായ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി, പകരം മറ്റൊരു സെറ്റ് ഓപ്ഷനുകളുള്ള പട്ടിക രൂപപ്പെടുത്തി നല്‍കാന്‍ കഴിയില്ല.

Content Highlights: KEAM 2021