കീം അപേക്ഷ നല്‍കി. ജനന തീയതി തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തു. ഉദ്ദേശിച്ച നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് സമയത്ത് കിട്ടാഞ്ഞതിനാല്‍ നേറ്റിവിറ്റിക്കും ജനന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തു. അപേക്ഷ സ്വീകരിക്കുമോ? അപേക്ഷയില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ അവസരം കിട്ടുമോ?
- കുമാര്‍, കോഴിക്കോട്
ജനന തീയതി തെളിയിക്കാന്‍ അപേക്ഷാര്‍ഥിയുടെ ഇപ്പോള്‍ അറിയപ്പെടുന്ന ഔദ്യോഗിക പേരോടു കൂടിയ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. കേരളത്തില്‍ ജനിച്ചവരുടെ കാര്യത്തില്‍ ആ സര്‍ട്ടിഫിക്കറ്റില്‍ കേരളത്തിലെ ജനനസ്ഥലം ഉണ്ടാകും. കേരളീയന്‍ ആനുകൂല്യം കിട്ടാന്‍ നല്‍കാവുന്ന ഒരു രേഖ, കേരളത്തിലെ തദ്ദേശസ്ഥാപനം നല്‍കിയ ജനനസര്‍ട്ടിഫിക്കറ്റാണ്. അതിനാല്‍, ജനന തീയതി തെളിയിക്കാന്‍ അപ്‌ലോഡ് ചെയ്ത അപേക്ഷാര്‍ഥിയുടെ ഔദ്യോഗിക പേരുള്ള ജനനസര്‍ട്ടിഫിക്കറ്റ് നേറ്റിവിറ്റിക്കും സ്വീകാര്യമാണ്. ഒരേ സര്‍ട്ടിഫിക്കറ്റ് രണ്ടിനും നല്‍കിയതിന്റെ പേരില്‍ നിങ്ങളുടെ അപേക്ഷ സ്വീകരിക്കാതിരിക്കില്ല.
പേര് നിശ്ചയിക്കാത്തതിനാല്‍, അന്ന് പേര് കൃത്യമായി രേഖപ്പെടുത്താതെ/ഔദ്യോഗിക പേരില്‍നിന്നും വ്യത്യസ്തമായ പേരുവെച്ചാണ് ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചതെങ്കില്‍, ഒരു അനുബന്ധ രേഖകൂടി നല്‍കേണ്ടിവരും.
നിങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരുള്ള വ്യക്തിയും നിങ്ങളുടെ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റിലെ പേരുള്ള വ്യക്തിയും ഒന്നുതന്നെയാണ് എന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍നിന്ന് വാങ്ങിനല്‍കാം (വണ്‍ ആന്‍ഡ് ദ സെയിം പേഴ്‌സണ്‍ സര്‍ട്ടിഫിക്കറ്റ്).
നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അത് കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ അപേക്ഷാര്‍ഥിയുടെ ഹോം പേജില്‍ കാണാന്‍ കഴിയും. അപാകങ്ങള്‍ ഉള്ള പക്ഷം അവ നിശ്ചിത സമയത്തിനകം പരിഹരിക്കണം. ഇതോടനുബന്ധിച്ചുള്ള വിജ്ഞാപനങ്ങള്‍ അതത് സമയങ്ങളില്‍ പ്രസിദ്ധപ്പെടുത്തും.
അപേക്ഷാര്‍ഥിക്ക് ഇതുസംബന്ധിച്ച് ഒരു അറിയിപ്പും തപാലില്‍ അയയ്ക്കുന്നതല്ല. അതിനാല്‍ ഹോം പേജ് ഇടയ്ക്കിടെ പരിശോധിക്കുക.
ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert
Content Highlights: KEAM registration: birth certificate can be upload as proof of nativity of candidate