ask expertകീം മെഡിക്കല്‍ അലോട്ട്‌മെന്റില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസിന് ആകെ എത്ര സീറ്റുണ്ട്. ആദ്യ അലോട്ട്‌മെന്റ് ലാസ്റ്റ് റാങ്കുപട്ടികയില്‍ ചില സ്വാശ്രയ കോളേജുകളില്‍ ചില സംവരണ വിഭാഗങ്ങളില്‍ അലോട്ട്‌മെന്റ് ഒന്നും കാണുന്നില്ല. ചിലതില്‍ എല്ലാ സംവരണവിഭാഗത്തിലും അലോട്ട്‌മെന്റ് കാണുന്നു. അതെന്തുകൊണ്ടാണ്?- അജിത്, തിരുവനന്തപുരം

കീം 2020 അലോട്ട്‌മെന്റില്‍ സ്വാശ്രയ എം.ബി.ബി.എസ്. വിഭാഗത്തില്‍ 17 മെഡിക്കല്‍ കോളേജുകളിലായി മൊത്തം 2100 സീറ്റാണുള്ളത്. എട്ടു കോളേജുകളില്‍ 150 സീറ്റു വീതവും ഒമ്പത് എണ്ണത്തില്‍ 100 വീതവും. ഇവയില്‍ 11 കോളേജുകളില്‍ ആയി 610 സീറ്റുകള്‍ കമ്യൂണിറ്റി സീറ്റുകളാണ്. എന്‍.ആര്‍.ഐ. വിഭാഗത്തിലെ മൊത്തം സീറ്റുകളുടെ എണ്ണം 316 ആണ്.

അഖിലേന്ത്യാതലത്തില്‍ നികത്തുന്നത് 242 സീറ്റാണ്. ഈ മൂന്നുവിഭാഗങ്ങളിലായി നീക്കിവെച്ചിരിക്കുന്ന മൊത്തം സീറ്റ് 1168 ആണ്. അവശേഷിക്കുന്നത് 932 സീറ്റ്. വിവിധ കോളേജുകളിലെ ഈ വിഭാഗം സീറ്റുകളുടെ ലഭ്യത ഇങ്ങനെ: 105 വീതം സീറ്റ്  നാലു കോളേജുകള്‍, 104  1, 70  1, 44  1, 35  5, 30  1, 29  1, 20  3. ഈ സീറ്റുകളാണ് നിര്‍ദേശാനുസൃത സംവരണതത്ത്വം (മാന്‍ഡേറ്ററി റിസര്‍വേഷന്‍) പാലിച്ച് വിവിധ സംവരണ വിഭാഗങ്ങള്‍ക്കായി വിഭജിക്കുന്നത്.

സീറ്റുകള്‍ വിഭജിക്കുമ്പോള്‍ വളരെ കുറവ് സീറ്റുകള്‍മാത്രം മാന്‍ഡേറ്ററി സംവരണ വിഭാഗത്തില്‍ ലഭ്യമാവുകയും അര്‍ഹതപ്പെട്ട സംവരണ ശതമാനം കുറവാകുകയും ചെയ്യുമ്പോള്‍ ആ വിഭാഗങ്ങള്‍ക്ക് ഒരു സീറ്റിനുള്ള അര്‍ഹതപോലും ഒരു കോളേജില്‍ ഇല്ലാത്ത അവസ്ഥവരാം. അങ്ങനെയുള്ളിടത്ത് ആ വിഭാഗത്തിന് അലോട്ട്‌മെന്റ് ഉണ്ടാകില്ല. അതാണ് ചില കോളേജുകളില്‍ ബന്ധപ്പെട്ട കളങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നത്. കൂടുതല്‍ മാന്‍ഡേറ്ററി സീറ്റുകള്‍ ഉള്ള സ്ഥാപനങ്ങളില്‍ സംവരണ ശതമാനം കുറവുള്ള വിഭാഗങ്ങള്‍ക്കും സീറ്റുകളുണ്ടാകും. ആ കോളേജുകളില്‍ എല്ലാ വിഭാഗത്തിലും അലോട്ട്‌മെന്റ് കാണാവുന്നതാണ്.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: KEAM, Number of seats in Private colleges, ask expert