കീം വഴി ബി.എ.എം.എസ്. പ്രവേശനം നേടി. സര്‍ട്ടിഫിക്കറ്റുകള്‍ കോളേജില്‍ നല്‍കി. മോപ് അപ് വെരിഫിക്കേഷനു പോകുമ്പോള്‍ ഏതൊക്കെ രേഖകള്‍ കൊണ്ടുപോകണം? -ശ്രീലക്ഷ്മി, തൃശ്ശൂര്‍
എം.ബി.ബി.എസ്. മോപ്അപ് അലോട്ട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായശേഷം (16.12.2020 രാവിലെ 10 വരെ ഓപ്ഷന്‍ നല്‍കാം) എം.ബി.ബി.എസിന് രണ്ടാംഘട്ട അലോട്ട്‌മെന്റിനുശേഷം വരുന്ന ഒഴിവുകള്‍, അനുവദനീയമായ കോളേജ് മാറ്റം വഴി ഉണ്ടാകാവുന്ന ഒഴിവുകള്‍ എന്നിവ മൊത്തത്തില്‍ പരിഗണിച്ച് അതിന്റെ അഞ്ചിരട്ടി പരീക്ഷാര്‍ഥികളെയാണ് മോപ് അപ് ഓപ്ഷന്‍ നല്‍കിയവരില്‍ നിന്ന് രേഖാപരിശോധനയ്ക്ക് വിളിക്കുക.
ആയുര്‍വേദ, ഹോമിയോ, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്‌സുകളില്‍ പ്രവേശനപരീക്ഷാകമ്മിഷണറുടെ അലോട്ട്‌മെന്റിലൂടെ അഡ്മിഷന്‍ സ്വീകരിച്ചവര്‍, കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും അടയ്ക്കണം. തുക അടച്ചശേഷം അതിന്റെ രസീത്/രേഖയുടെ പ്രിന്റ്ഔട്ട് എടുക്കണം. അതിനുശേഷം വെബ്‌സൈറ്റിലെ ഹോം പേജില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നോട്ടീസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കണം. ഈ രണ്ടുരേഖകള്‍ ഉള്‍പ്പെടെ വെരിഫിക്കേഷന്‍ വേളയില്‍ ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ്, മോപ് അപ് കൗണ്‍സലിങ് സംബന്ധിച്ച പ്രവേശനപരീക്ഷാകമ്മിഷണറുടെ 12.12.2020ലെ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
ബി.എ.എം.എസ്. പ്രവേശനം നേടിയ വിദ്യാര്‍ഥി എന്നനിലയില്‍, നിങ്ങള്‍ചേര്‍ന്ന കോളേജിലെ പ്രിന്‍സിപ്പലില്‍നിന്ന് 'പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്' (നിശ്ചിതരേഖകള്‍, കോളേജ് വശം ഉണ്ട് എന്നു വ്യക്തമാക്കുന്ന സാക്ഷ്യപത്രം), 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' (മോപ് അപ് റൗണ്ടില്‍ അലോട്ട്‌മെന്റ്് ലഭിച്ചാല്‍ നിങ്ങളെ വിടുതല്‍ ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നുള്ള സാക്ഷ്യപത്രം) എന്നിവയുടെ അസല്‍ ഹാജരാക്കണമെന്നത് നിര്‍ബന്ധമാണ്.
അതോടൊപ്പം നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (പ്രോസ്പക്ടസ് ക്ലോസ് 11.7.1) എന്നിവയും പരിശോധനാവേളയില്‍ ഹാജരാക്കണം. വിശദമായ വിജ്ഞാപനവും പരിശോധിക്കുക.
(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com /education/helpdesk/askexpert)
Content Highlights: KEAM, NEET, Mop up allotment documents to submit, ask expert