എൽ.ബി.എസിന്റെ 2019 ഓൺലൈൻ അലോട്ട്മെന്റ് വഴി ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി കോഴ്സിൽ ഒരു സ്വകാര്യ കോളേജിൽ പ്രവേശനം നേടി. ഈ വർഷത്തെ കീം പ്രവേശനപരീക്ഷ വഴി എൻജിനിയറിങ് പ്രവേശനം ലഭിച്ചാൽ അതിലേക്ക് മാറുന്നതിനു എന്തെങ്കിലും തടസ്സങ്ങളുണ്ടോ? -ബീന, തിരുവനന്തപുരം

കേരളത്തിലെ 2019-ലെ പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശന പ്രോസ്പക്ടസ്സിലെ ക്ലോസ് 14-ൽ പ്രവേശനം നേടിയ ശേഷം സീറ്റ് വേണ്ടന്നുെവക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച്, സർക്കാർ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ ഒരാൾ, പ്രവേശന റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞശേഷം സീറ്റ് വേണ്ടെന്നുവച്ചാൽ നഷ്ടപരിഹാരമായി 50,000 രൂപ നൽകേണ്ടതുണ്ട്. എന്തെങ്കിലും സ്റ്റൈപ്പൻഡ്/സാലറി ലഭിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചടയ്ക്കുകയും വേണം.

പട്ടിക/ഒ.ഇ.സി. വിഭാഗക്കാരിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതല്ല. വാർഷിക കുടുംബവരുമാനം 75,000 രൂപയിൽ താഴെയാവുകയും അപേക്ഷയ്ക്കൊപ്പം അത് തെളിയിക്കുന്നതിനുള്ള വരുമാന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടുള്ള, 'കേരളീയൻ' വിഭാഗത്തിൽപ്പെടുന്ന അപേക്ഷകരും നഷ്ടപരിഹാരം നൽകേണ്ടതില്ല.

അതിനാൽ ഇപ്പോൾ പഠിക്കുന്ന പാരാമെഡിക്കൽ കോഴ്സ് വേണ്ടന്നുെവച്ച് അടുത്ത അധ്യയന വർഷം എൻജിനിയറിങ് പ്രോഗ്രാമിനു ചേരുന്നതിന് ഈ വ്യവസ്ഥകൾക്കു വിധേയമായി തടസ്സമൊന്നുമില്ല. നിങ്ങൾ നഷ്ടപരിഹാരം അടയ്ക്കേണ്ട വിഭാഗത്തിൽപ്പെടുന്ന ആളാണെങ്കിൽ, തുക അടച്ചശേഷമേ പ്രവേശനസമയത്ത് നൽകിയ നിങ്ങളുടെ രേഖകൾ തിരികെ ലഭിക്കൂ.

(ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: KEAM engineering entrance after paramedical course, ask expert