ask expertകീം അലോട്ട്‌മെന്റ് വഴി ഗവണ്‍മെന്റ് ഡെന്റല്‍ കോളേജില്‍ ബി.ഡി.എസ്. പ്രവേശനം കിട്ടി. 2020-ലെ നീറ്റ് എഴുതാന്‍ ഉദ്ദേശിക്കുന്നു. സീറ്റ് ഈ വര്‍ഷംതന്നെ വേണ്ടെന്നുവെച്ചാല്‍ നഷ്ടപരിഹാരം നല്‍കണോ ? ഉണ്ടെങ്കില്‍, ഇ.ഡബ്ല്യു.എസ്./പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് ഇതില്‍ ഇളവു വല്ലതുമുണ്ടോ? - ശിവ, എറണാകുളം

അഡ്മിഷന്‍ പൂര്‍ത്തിയായശേഷം പ്രവേശനം നേടിയ വര്‍ഷംതന്നെ ഗവണ്‍മെന്റ് ഡെന്റല്‍ കോളേജിലെ ബി.ഡി.എസ്. സീറ്റ് വേണ്ടന്നുവെച്ചാല്‍ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ വിദ്യാര്‍ഥി നല്‍കണം (2019 ലെ കീം പ്രോസ്‌പെക്ടസ്, വകുപ്പ് 12.2.4 (a) (ii) പേജ് 44).

വാര്‍ഷിക കുടുംബവരുമാനം, നേറ്റിവിറ്റി, സംവരണ നില ഇവയൊന്നും അടിസ്ഥാനമാക്കിയുള്ള ഒരു ഇളവും കോഴ്‌സ് ഉപേക്ഷിക്കുന്നവര്‍ക്ക് ലഭിക്കില്ല. അതിനാല്‍ ഇ.ഡബ്ല്യു.എസ്., പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളും നഷ്ടപരിഹാരത്തുകയായ അഞ്ചു ലക്ഷം രൂപ അടയ്ക്കാന്‍ ബാധ്യസ്ഥരാണ്.

അതോടൊപ്പം അടച്ച ഫീസും നഷ്ടമാകും. മാത്രമല്ല, പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷ/അലോട്ട്‌മെന്റില്‍നിന്ന് രണ്ടുവര്‍ഷത്തേക്കുവരെ ഇവരെ വിലക്കിയേക്കാനും സാധ്യതയുണ്ട്. നഷ്ടപരിഹാരത്തുക അടയ്ക്കാത്തപക്ഷം റവന്യൂ റിക്കവറി ആക്ട് പ്രകാരം തുക ഈടാക്കാന്‍ നടപടി എടുക്കാവുന്നതാണ്.

ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert

Content Highlights: KEAM BDS Admissions: Students Need to Compensate Rs 5 Lakh if Decides to Drop Course