ask expertകീമിന് അപേക്ഷിക്കുമ്പോള്‍ ഒ.ഇ.സി. സംവരണം ലഭിക്കാന്‍ ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കേണ്ടത്? ഫീസിളവുണ്ടോ?-വിന്‍സന്റ്, പത്തനംതിട്ട

ദര്‍ എലിജിബിള്‍ കമ്യൂണിറ്റി (ഒ.ഇ.സി.) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങളുടെ പട്ടിക കീം 2021 പ്രോസ്‌പെക്ടസ് അനുബന്ധം X-ല്‍ നല്‍കിയിട്ടുണ്ട്. ഒ.ഇ.സി. വിഭാഗത്തിന് പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തില്‍ സീറ്റ് സംവരണം ഇല്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു നീക്കിവെച്ച സീറ്റുകളില്‍ ഒഴിവുകള്‍വന്നാല്‍ അത് യഥാക്രമം പട്ടികവര്‍ഗം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആദ്യം അനുവദിക്കും.

രണ്ടുവിഭാഗക്കാരെയും പരിഗണിച്ചശേഷവും സീറ്റുകള്‍ നികത്താന്‍ കഴിയാതെ വന്നാല്‍ ആ സീറ്റുകളിലേക്ക് ഒ.ഇ.സി. വിഭാഗക്കാരെ അര്‍ഹത തെളിയിച്ചിരിക്കണമെന്ന പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ക്കു വിധേയമായി പരിഗണിക്കുകയും അലോട്ട്‌മെന്റ് നടത്തുകയും ചെയ്യും. ഇപ്രകാരം ഒ.ഇ.സി.ക്കാരെ പ്രവേശനത്തിനായി പരിഗണിക്കുമ്പോള്‍ പട്ടികവിഭാഗക്കാര്‍ക്കു ലഭിക്കുന്ന മാര്‍ക്ക് ഇളവ് ഒ.ഇ.സി.ക്കാര്‍ക്ക് കിട്ടില്ല. എസ്.ഇ.ബി.സി. വിഭാഗക്കാര്‍ക്കു ലഭിക്കുന്ന മാര്‍ക്ക് ഇളവേ ഒ.ഇ.സി.ക്കാര്‍ക്കും ലഭിക്കുകയുള്ളു.

ഈ സീറ്റുകളിലേക്കു പരിഗണിക്കപ്പെടണമെങ്കില്‍, കീം അപേക്ഷയില്‍ അവര്‍ കമ്യൂണിറ്റി വ്യക്തമാക്കിയിരിക്കണം. കൂടാതെ, സംസ്ഥാനത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍നിന്ന് നല്‍കുന്ന നോണ്‍ ക്രീമിലേയര്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ അപേക്ഷയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യണം. ഈ നോണ്‍ ക്രീമിലേയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍, പ്രവേശനം ലഭിക്കുന്ന ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസിളവും അനുവദിക്കുന്നതാണ്.

നോണ്‍ ക്രീലൈയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ലാത്ത ഒ.ഇ.സി. വിഭാഗക്കാര്‍ക്കും ഫീസിളവിന് അര്‍ഹതയുണ്ട്. ആ ഇളവിന് അവരെ പരിഗണിക്കപ്പെടണമെങ്കില്‍ വില്ലേജ് ഓഫീസറില്‍നിന്നും വാങ്ങിയ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം അവര്‍ അപ്‌ലോഡ് ചെയ്യണം. ഈ വ്യവസ്ഥകള്‍ കീം 2021 പ്രോസ്‌പെക്ടസ് ക്ലോസ് 5.4.3 (f), 5.4.3 (g) എന്നിവയില്‍ വിശദീകരിച്ചിട്ടുണ്ട്.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: KEAM and OEC reservation,  Ask Expert