ask expertനീറ്റ് യു.ജി. 2020-ന് അപേക്ഷിച്ചു. എന്നാല്‍, കേരളത്തിലെ കീം അപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ല. എന്നെ കേരളത്തിലെ എം.ബി.ബി.എസ്. പ്രവേശനത്തിനു പരിഗണിക്കുമോ? കീമിന് അപേക്ഷിക്കാന്‍ ഇനിയും അവസരമുണ്ടാകുമോ? -നവ്യ, കണ്ണൂര്‍

നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ച് യോഗ്യത നേടുന്ന ഒരാളെ, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ വഴിയുള്ള എം.ബി.ബി.എസ്. പ്രവേശനത്തിന് പരിഗണിക്കണമെങ്കില്‍ കീം 2020 പ്രവേശനത്തിനുള്ള അപേക്ഷ യഥാസമയം നല്‍കിയിരിക്കണം. കീം 2020-ന് അപേക്ഷ നല്‍കേണ്ട സമയം കഴിഞ്ഞു. അപേക്ഷ നല്‍കാത്തതിനാല്‍ നിലവിലെ സ്ഥിതിയില്‍ ഈ പ്രക്രിയ വഴിയുള്ള കേരളത്തിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് നിങ്ങളെ പരിഗണിക്കില്ല.

കീമിന് ഇനിയും അപേക്ഷിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ആ രീതിയില്‍ ഒരു തീരുമാനം എടുക്കണം. അങ്ങനെ തീരുമാനം എടുത്താല്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ https://cee.kerala.gov.in/ , http://www.cee-kerala.org/ എന്നിവ വഴി അത് അറിയിക്കും. അതിനാല്‍ വെബ് സൈറ്റ് ഇടയ്ക്കിടെ സന്ദര്‍ശിക്കുക. അനുമതി ലഭിച്ചാല്‍ യഥാസമയം അപേക്ഷിക്കുക.

കീം അപേക്ഷ നല്‍കാത്തവര്‍ക്കും ഓള്‍ ഇന്ത്യ ക്വാട്ട വഴി കേരളത്തില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് അവസരമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍/െഡന്റല്‍ കോളേജുകളിലെ 15 ശതമാനം എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്കാണ് ഓള്‍ ഇന്ത്യ ക്വാട്ട വഴിയുള്ള അലോട്ട്‌മെന്റ്. നീറ്റ് യു.ജി. യോഗ്യത കിട്ടിയാല്‍ ഇതില്‍ പങ്കെടുക്കാം. നീറ്റ് ഫലപ്രഖ്യാപനത്തിനുശേഷം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) ഇതു സംബന്ധിച്ച അലോട്ട്‌മെന്റ് പ്രക്രിയ നടത്തും. അപ്പോള്‍, അതിന് രജിസ്റ്റര്‍ ചെയ്ത് ചോയ്‌സ് നല്‍കി പ്രക്രിയയില്‍ പങ്കെടുക്കുക.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: KEAM And NEET, Kerala Medical Admissions, Ask Expert