കീം ബി.ടെക്. സര്‍ക്കാര്‍ എയ്ഡഡ് കോളേജിലെ മോപ് അപ്പ് റൗണ്ടില്‍ പങ്കെടുക്കാന്‍ 'ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍' നല്‍കാന്‍ സൗകര്യം കാണുന്നില്ല. അത് നല്‍കിയില്ലെങ്കില്‍ ഹയര്‍ ഓപ്ഷന്‍ നഷ്ടപ്പെടില്ലേ?

സുജാത, കാസര്‍കോട്

പ്രവേശനപരീക്ഷാ കമ്മിഷണര്‍, സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മോപ് അപ്പ് റൗണ്ട്, ഈ വിഭാഗത്തില്‍ നേരത്തേ നടന്ന മൂന്ന് റൗണ്ട് അലോട്ട്‌മെന്റുകളുടെ തുടര്‍ച്ചയായി നടത്തുന്ന ഒരു അലോട്ട്‌മെന്റല്ല. ഇതിനെ ഒരു പ്രത്യേക അലോട്ട്‌മെന്റ് ആയിട്ടാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്നാംറൗണ്ടിനുശേഷം അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ സ്വമേധയാ ഇല്ലാതായിട്ടുണ്ട്.

ആരുടെയും ഹയര്‍ ഓപ്ഷന്‍ മോപ് അപ്പ് റൗണ്ടിലേക്ക് പരിഗണിക്കാത്തതിനാല്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ എന്നഘട്ടം ഈ മോപ് അപ്പ് റൗണ്ടിനുമുമ്പ് ബാധകമല്ല. അതുകൊണ്ടാണ് അതിനുള്ള ലിങ്ക് നിങ്ങള്‍ കാണാത്തത്.

പകരം, ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷനാണ്, മോപ് അപ്പ് റൗണ്ടില്‍ പങ്കെടുക്കാന്‍ നടത്തേണ്ടത്. നേരത്തേ നിങ്ങള്‍ നല്‍കിയ ഒരു ഓപ്ഷനും മോപ് അപ്പ് റൗണ്ടിലേക്ക് പരിഗണിക്കുന്നതല്ല.

പുതിയ ഓപ്ഷന്‍ നല്‍കാത്തവരെ പരിഗണിക്കില്ല. ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ്, ആക്‌സസ് കോഡ് എന്നിവ നല്‍കി ഹോം പേജില്‍ കയറണം. അവിടെ മെനുഭാഗത്ത് 'ഓപ്ഷന്‍ രജിസ്‌ട്രേഷന്‍' എന്ന ലിങ്ക് കാണാം. അത് ക്ലിക്കുചെയ്യുമ്പോള്‍ ഗവണ്‍മെന്റ്/എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളിലെ ഓപ്ഷനുകള്‍ കാണാന്‍ കഴിയും. അവയില്‍ താത്പര്യമുള്ളവ, മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുത്ത് രജിസ്റ്റര്‍ചെയ്യണം.

നിലവില്‍ പ്രവേശനം ഉള്ളവര്‍ക്ക് മോപ് അപ്പ് റൗണ്ട് അലോട്ട്‌മെന്റുവഴി മറ്റൊരു സീറ്റ് ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളും ഈ മോപ് അപ്പ് റൗണ്ടില്‍ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ നികത്തും. ഈ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിലുള്ള കോളേജ് പ്രവേശനം പൂര്‍ത്തിയാകുന്ന നവംബര്‍ 27നുശേഷം വീണ്ടും ഒഴിവുകള്‍ ഉണ്ടെങ്കില്‍, മറ്റൊരു മോപ് അപ്പ് അലോട്ട്‌മെന്റ് വഴി അവ നികത്തും.

അതിലേക്ക് അന്ന് പുതിയ ഓപ്ഷനുകള്‍ നല്‍കാന്‍ അവസരം ഉണ്ടാകില്ല. മറിച്ച് ഇപ്പോഴത്തെ ആദ്യറൗണ്ടില്‍ നല്‍കുന്ന ഓപ്ഷനുകളില്‍ അവശേഷിക്കുന്നവയാണ് അപ്പോള്‍ പരിഗണിക്കുക. മാത്രമല്ല, ആ റൗണ്ടിനുമുമ്പായി അവശേഷിക്കുന്ന ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനോ താത്പര്യമില്ലാത്തവ ഒഴിവാക്കാനോ സൗകര്യം ഉണ്ടാകില്ല. അതിനാല്‍ വരുന്ന എല്ലാ റൗണ്ടുകളിലും പരിഗണിക്കപ്പെടേണ്ട, അന്തിമമായി മുന്‍ഗണനകള്‍ നിശ്ചയിച്ച ഓപ്ഷനുകളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

സര്‍വകലാശാല വാര്‍ത്തകള്‍ക്ക്: www.mathrubhumi.com/universtiynews