ask expertകീം അലോട്ട്‌മെന്റില്‍ കാറ്റഗറി പട്ടിക എന്താണ്? അതു വെച്ചാണോ അലോട്ട്‌മെന്റ് നടത്തുക? ഒക്ടോബര്‍ രണ്ടിന് പ്രസിദ്ധപ്പെടുത്തിയതാണോ കാറ്റഗറി പട്ടിക?

വിനോദ്, കോഴിക്കോട്

വിവിധ സംവരണ ആനുകൂല്യങ്ങള്‍ ഉള്ളവരുടെ, പ്രവേശനത്തിനുള്ള ജനറല്‍ റാങ്ക് പരിഗണിച്ച്, ആ സംവരണ വിഭാഗത്തിലെ സ്ഥാനം നിര്‍ണയിച്ചു നല്‍കുന്ന പട്ടികയാണ് കാറ്റഗറി പട്ടിക. ഇതിന്റെ അടിസ്ഥാനം ആ കോഴ്‌സ്/സ്ട്രീം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയാണ്.

കേരളത്തില്‍ എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, മെഡിക്കല്‍ അലൈഡ്, ആയുര്‍വേദ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തില്‍ കാറ്റഗറി പട്ടികകള്‍ പ്രസിദ്ധീകരിക്കും. എസ്.ഇ.ബി.സി., എസ്.സി., എസ്.ടി., സ്‌പെഷ്യല്‍, ഭിന്നശേഷി തുടങ്ങിയ സംവരണങ്ങള്‍ കേരളത്തിലുണ്ട്. എസ്.ഇ.ബി.സി., സ്‌പെഷ്യല്‍ റിസര്‍വേഷന്‍ എന്നിവയില്‍ ഉപവിഭാഗങ്ങളുമുണ്ട്. റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം അവയ്‌ക്കോരോന്നിനും കാറ്റഗറി പട്ടിക പ്രസിദ്ധപ്പെടുത്തും.

ഉദാ: ഈഴവ കാറ്റഗറി പട്ടികയില്‍ ഈഴവ (EZ) സംവരണ ആനുകൂല്യം അനുവദിക്കപ്പെട്ടിട്ടുള്ളവരെയാണ് ഉള്‍പ്പെടുത്തുന്നത്. ഈ ആനുകൂല്യം അനുവദിക്കപ്പെട്ടവരുടെ പൊതു റാങ്ക് പരിഗണിച്ച് അവര്‍ക്ക് EZ കാറ്റഗറി പട്ടികയില്‍ 1, 2, 3... എന്നീ സ്ഥാനങ്ങള്‍ നല്‍കും. വിമുക്ത ഭടന്മാരുടെ (XS) സ്‌പെഷ്യല്‍ റിസര്‍വേഷന് അര്‍ഹതയുള്ളവര്‍ക്ക്, അവരുടെ പൊതു റാങ്ക് പരിഗണിച്ച് XS കാറ്റഗറി പട്ടികയില്‍ 1, 2, 3... എന്നീ സ്ഥാനങ്ങള്‍ നല്‍കും.

അലോട്ട്‌മെന്റ് നടത്തുന്നത് മുഖ്യ/ജനറല്‍ റാങ്ക് പരിഗണിച്ചാണ്. എല്ലാ വിദ്യാര്‍ഥികളെയും ആദ്യം പരിഗണിക്കുക സ്റ്റേറ്റ് മെറിറ്റിലാണ്. അതില്‍ സീറ്റിന് അര്‍ഹത ലഭിക്കാത്തപക്ഷം സംവരണ ആനുകൂല്യം ഉണ്ടെങ്കില്‍ സംവരണ സീറ്റിലേക്ക് പരിഗണിക്കും. എം.ബി.ബി.എസ്. പോലെ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ താത്പര്യം കാട്ടുന്ന കോഴ്‌സിന് കാറ്റഗറിസ്ഥാനം പരിഗണിച്ച് പ്രവേശന സാധ്യതകള്‍ ഒരു പരിധിവരെ വിലയിരുത്താം. ഉദാ: ഏതെങ്കിലും ഒരു സംവരണ വിഭാഗത്തിന് എം.ബി.ബി.എസിന് 10 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്നു കരുതുക.

ഈ സംവരണ ആനുകൂല്യമുള്ള ഒരു വിദ്യാര്‍ഥിക്ക്, ജനറല്‍ റാങ്ക് എത്രതന്നെയായാലും കാറ്റഗറി പട്ടികയിലെ സ്ഥാനം 10നകം ആണെങ്കില്‍ ആ കാറ്റഗറിയില്‍ ആ വിദ്യാര്‍ഥിക്ക് ഏതെങ്കിലും ഒരു കോളേജില്‍ എം.ബി.ബി.എസ്. അലോട്ട്‌മെന്റ്് ഉറപ്പാക്കാം. പക്ഷേ, സംവരണ ആനുകൂല്യം ഉള്ളവര്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളെയും ആദ്യം സ്റ്റേറ്റ് മെറിറ്റില്‍ ആണ് പരിഗണിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച സംവരണ വിഭാഗത്തിലെ അഞ്ചുപേര്‍ക്ക് സ്റ്റേറ്റ് മെറിറ്റില്‍ അലോട്ട്‌മെന്റ്് ലഭിച്ചാല്‍ ഈ വിഭാഗത്തിന്റെ കാറ്റഗറി പട്ടികയില്‍ അഞ്ചു സ്ഥാനങ്ങള്‍കൂടി (11 മുതല്‍ 15 വരെ) ഉള്ളവര്‍ക്ക് സംവരണ സീറ്റില്‍ അലോട്ട്‌മെന്റ്് ഉറപ്പാക്കാം.

റാങ്ക് പട്ടികകള്‍ പ്രസിദ്ധപ്പെടുത്തിയ ശേഷമായിരിക്കും ഓരോ റാങ്ക് പട്ടികയുടെയും അടിസ്ഥാനത്തില്‍ കാറ്റഗറി പട്ടികകള്‍ പ്രസിദ്ധപ്പെടുത്തുക. പ്രവേശനപരീക്ഷാ കമ്മിഷണര്‍ ഇപ്പോള്‍ (ഒക്ടോബര്‍2) പ്രസിദ്ധപ്പെടുത്തിയത് അപേക്ഷകര്‍ക്ക് അനുവദിച്ച സംവരണ ആനുകൂല്യങ്ങളുടെ വിവരമാണ്. അപേക്ഷയ്‌ക്കൊപ്പം നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ അര്‍ഹതയനുസരിച്ചുള്ള സംവരണം ലഭിച്ചിട്ടുണ്ടോ എന്ന് പട്ടിക നോക്കി പരിശോധിക്കാം. ലഭിച്ചിട്ടില്ലെങ്കില്‍ സമയപരിധിക്കകം പരാതിപ്പെടാവുന്നതാണ്.

Content Highlights: KEAM Allotment 2021