ask expertമകന്‍ പതിനൊന്നാം ക്ലാസില്‍ ഹൈദരാബാദില്‍ പഠിക്കുന്നു. ജനിച്ചതും വളര്‍ന്നതും ഹൈദരാബാദിലാണ്. ഞാനും ഭാര്യയും കേരളീയരാണ്. മകന് കേരളത്തില്‍ എന്‍ജിനിയറിങ് പഠിക്കാനുള്ള നടപടിക്രമം എന്താണ്?-മണികണ്ഠന്‍, ഹൈദരാബാദ്

പേക്ഷാര്‍ഥി കേരളത്തിലല്ല ജനിച്ചതെങ്കിലും അച്ഛനോ അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കില്‍ അയാളെ 'കേരളീയന്‍' ആയി പരിഗണിക്കും. കേരളത്തില്‍ ജനിച്ച ഒരു കുട്ടിക്ക് പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിനു കിട്ടുന്ന എല്ലാ പരിഗണനയും കിട്ടും. നിങ്ങള്‍ രണ്ടുപേരും കേരളത്തില്‍ ജനിച്ചവരായതുകൊണ്ട് കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശനത്തിന് മകനെ കേരളീയനായി പരിഗണിക്കും. നിങ്ങളിലൊരാള്‍ കേരളത്തിലാണു ജനിച്ചതെന്നതിന് രേഖ നല്‍കിയാല്‍ മതി.

സാധാരണഗതിയില്‍ ഒരു അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിന്റെ വിജ്ഞാപനം തലേ അക്കാദമിക് വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ (ജനുവരി-ഫെബ്രുവരി കാലയളവില്‍) വരാറുണ്ട്. 2021-ലെ പ്രവേശന വിജ്ഞാപനം പ്രത്യേക സാഹചര്യത്തില്‍ 2021 ജൂണിലാണ് വന്നത്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ മകന്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ അപേക്ഷ നല്‍കണം കേരളീയനായി പരിഗണനകിട്ടാന്‍ കേരളത്തിലെ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടുള്ള അച്ഛന്റെയോ അമ്മയുടെയോ എസ്.എസ്.എല്‍.സി./ജനന സര്‍ട്ടിഫിക്കറ്റ്/പാസ്‌പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജ് എന്നിവയിലൊന്നു നല്‍കാം. അതോടൊപ്പം നിങ്ങളുടെ മകനും ആരുടെ സര്‍ട്ടിഫിക്കറ്റ് ആണോ നല്‍കുന്നത് ആ വ്യക്തിയും (അച്ഛന്‍/അമ്മ) തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക രേഖയുടെ പകര്‍പ്പും നല്‍കണം. അതല്ലെങ്കില്‍ അച്ഛന്‍/അമ്മ കേരളത്തിലാണു ജനിച്ചതെന്നു സാക്ഷ്യപ്പെടുത്തുന്ന കേരളത്തിലെ വില്ലേജ് ഓഫീസറുടെ/തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് നിശ്ചിത ഫോര്‍മാറ്റില്‍ വാങ്ങി കൊടുക്കണം.

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറും അഭിമുഖീകരിക്കണം. എന്‍ജിനിയറിങ് റാങ്ക്പട്ടിക തയ്യാറാക്കുമ്പോള്‍ പ്രവേശനപരീക്ഷയുടെ മൊത്തം മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജാണ് നല്‍കുക. ബാക്കി 50 ശതമാനം വെയ്‌റ്റേജ് പ്ലസ്ടു കോഴ്‌സ് രണ്ടാംവര്‍ഷ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെ സമീകരിച്ച മാര്‍ക്കിനാണ്. റാങ്ക്പട്ടിക വന്നശേഷം കോഴ്‌സുകള്‍ക്കും കോളേജുകള്‍ക്കും ഓപ്ഷനുകള്‍ വിളിച്ച് അലോട്ട്‌മെന്റ് നടത്തും. ഇതാണ് പൊതുവായ രീതി.

യോഗ്യതാവ്യവസ്ഥകള്‍, അപേക്ഷാ സമര്‍പ്പണം, പ്രവേശനപരീക്ഷാഘടന, റാങ്ക്പട്ടിക തയ്യാറാക്കല്‍, അലോട്ട്‌മെന്റ് നടപടിക്രമം തുടങ്ങി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രോസ്‌പെക്ടസില്‍ നല്‍കിയിരിക്കും. 2021ലെ പ്രവേശനത്തിന്റെ പ്രോസ്‌പെക്ടസ് ഇപ്പോള്‍ www.cee.kerala.gov.in ല്‍ ലഭിക്കും (കീം 2021 ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍). അത് പരിശോധിച്ച് നടപടിക്രമം മനസ്സിലാക്കുക.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com /education/help-desk /ask-expert)

Content Highlights: KEAM admission for non-Keralite Students, ask expert