കീം എന്‍ജിനിയറിങ് പ്രവേശനം എടുത്തു. അഡ്മിഷന് റദ്ദുചെയ്താല്‍ അടച്ചഫീസ് തിരികെ കിട്ടുമോ? -അജയകുമാര്‍, കൊല്ലം
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ.) പരിധിയില്‍വരുന്ന എന്‍ജിനിയറിങ്, ഫാര്‍മസി പ്രോഗ്രാമുകളുടെ കാര്യത്തില്‍ ഫീ, റീഫണ്ട് വ്യവസ്ഥകള്‍ 2020-'21 ലെ എ.ഐ.സി.ടി.ഇ. അപ്രൂവല്‍ പ്രോസസ് ഹാന്‍ഡ് ബുക്കില്‍ വിശദീകരിച്ചിട്ടുണ്ട്. കീം 2020 പ്രോസ്പക്ടസ് ക്ലോസ് 12.2.2, 12.2.3 എന്നിവയില്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
കോഴ്സ് തുടങ്ങുന്നതിനുമുമ്പ് വിദ്യാര്‍ഥിപ്രവേശനം റദ്ദുചെയ്താല്‍ അടച്ച ഫീസില്‍നിന്ന് പ്രോസസിങ് ഫീസായി പരമാവധി 1000 രൂപ എടുത്തശേഷം ബാക്കിതുക തിരികെ നല്‍കണം. പ്രവേശനം നേടിയശേഷം വിദ്യാര്‍ഥി അഡ്മിഷന് റദ്ദുചെയ്യുകയും അങ്ങനെ വന്ന ഒഴിവില്‍ പ്രവേശനത്തിനുള്ള അവസാനതീയതിക്കകം മറ്റൊരുവിദ്യാര്ഥിക്ക് പ്രവേശനം നല്‍കുകയും ചെയ്താല്‍ പ്രോസസിങ് ഫീസായി പരമാവധി 1000 രൂപ എടുത്തശേഷം ബാക്കിതുക സ്ഥാപനം തിരികെനല്കണം.
ബാധകമെങ്കില്‍ പ്രതിമാസ ഫീസ്, ഹോസ്റ്റല്‍ വാടക എന്നിവയില്‍ ആനുപാതികമായി തുക പിടിച്ച് ബാക്കി തിരികെ നല്‍കണം. ഒഴിവുവന്ന സീറ്റ് നികത്താന്‍ കഴിയാതെവന്നാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങിയിട്ടുള്ളപക്ഷം അതും ഒറിജിനല്‍ രേഖകളും വിദ്യാര്‍ഥിക്ക് തിരികെ നല്‍കണം. പ്രവേശനം ഏതുസമയത്തു റദ്ദുചെയ്താലും ബാക്കിയുള്ള വര്‍ഷങ്ങളിലെ ഫീസ് വിദ്യാര്‍ഥിയില്‍നിന്ന് ഈടാക്കാന്പാടില്ല.
എ.ഐ.സി.ടി.ഇ. നിയന്ത്രണത്തിലല്ലാത്ത കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷാകമ്മിഷണര്‍ പ്രഖ്യാപിക്കുന്ന തീയതിക്കുള്ളില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഫീസ് തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ കോഴ്സുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അവസാന അലോട്ട്മെന്റിനുശേഷം ടി.സി.ക്ക് അപേക്ഷിക്കുകയോ അഡ്മിഷന് റദ്ദുചെയ്യുകയോ ചെയ്താല്‍ ഫീസ് തിരികെ ലഭിക്കില്ല. കീം 2020 പ്രോസ്പക്ടസ് ക്ലോസ് 12.2.4 പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് അവര്‍ അടയ്ക്കണം.
എന്‍ട്രന്‍സ് കമ്മിഷണറുടെ അവസാനറൗണ്ട് അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടാത്തവര്‍ക്കും ഫീസ് തിരികെ ലഭിക്കില്ല. അവരും ലിക്വിഡേറ്റഡ് ഡാമേജസ് അടയ്ക്കണം.
(ആസ്ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയ്ക്കാന്‍ https://english.mathrubhumi.com /education/help-desk /ask-expert)
Content Highlights: KEAM admission cancellation and fee return, ask expert