ask expertകീം 2021ന് അപേക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ എന്‍ജിനിയറിങ്ങിന് ചേരാന്‍ ആഗ്രഹിക്കുന്നു. മികച്ച കോളേജിലെ പ്രവേശനത്തിനായി കീമില്‍ എത്ര മാര്‍ക്ക് നേടണം? മികച്ച കോളേജുകള്‍ ഏതെല്ലാമാണ്? നീറ്റിന് അപേക്ഷിക്കേണ്ട ആവശ്യമുണ്ടോ?- സ്‌നേഹ, പാലക്കാട്

കീം പ്രവേശന പ്രക്രിയയില്‍ എന്‍ജിനിയറിങ്ങിന് പ്രവേശനപരീക്ഷ ഉണ്ടെങ്കിലും എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുന്നത് പ്രവേശനപരീക്ഷയുടെ മാര്‍ക്ക് മാത്രം പരിഗണിച്ചല്ല. റാങ്ക് നിര്‍ണയത്തില്‍ പ്രവേശനപരീക്ഷയുടെ മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജാണുള്ളത്. ബാക്കി 50 ശതമാനം വെയ്‌റ്റേജ്, പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷയില്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയുടെ സമീകരിച്ച മാര്‍ക്കുകള്‍ കൂട്ടുമ്പോള്‍ കിട്ടുന്ന മാര്‍ക്കിനാണ്. ഈ രണ്ടു ഘടകങ്ങളും 300ല്‍ കണക്കാക്കി മൊത്തം 600ല്‍ ഉള്ള മാര്‍ക്ക് പരിഗണിച്ചാണ് എന്‍ജിനിയറിങ് റാങ്ക് നിര്‍ണയിക്കുന്നത്. ഇതാണ് 2021ലെ പ്രോസ്പക്ടസ് വ്യവസ്ഥ. അതുകൊണ്ട് എന്‍ട്രന്‍സ് പരീക്ഷാ മാര്‍ക്കിനെന്നപോലെ പ്ലസ്ടു മാര്‍ക്കിനും റാങ്കിങ്ങില്‍ പ്രാധാന്യമുണ്ട്.

കേരളത്തില്‍ നിലവിലെ വ്യവസ്ഥയനുസരിച്ച് എന്‍ട്രന്‍സ് പരീക്ഷയിലെ മെച്ചപ്പെട്ട മാര്‍ക്കുകൊണ്ട് മാത്രം എന്‍ജിനിയറിങ്ങിന് മെച്ചപ്പെട്ട റാങ്ക് ലഭിക്കണമെന്നില്ല. പ്ലസ്ടു പരീക്ഷാ സ്‌കോറും മികച്ചതാകണം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് റാങ്കിങ്ങിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കുമോ എന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം പിന്നീട് ഉണ്ടാകുമെന്നാണ് വിവരം.

നിലവിലെ വ്യവസ്ഥയനുസരിച്ച്, പ്രവേശനപരീക്ഷയിലും പ്ലസ്ടു തലത്തിലും പരമാവധി മാര്‍ക്ക് നേടുക എന്നതായിരിക്കണം ലക്ഷ്യം. ഒരു പ്രവേശന പ്രക്രിയയില്‍ റാങ്ക് പട്ടിക തയ്യാറാക്കി കഴിഞ്ഞാല്‍ മാര്‍ക്കിനെക്കാള്‍ പ്രാധാന്യം റാങ്ക് പട്ടികയിലെ സ്ഥാനത്തിനാണ്. മാര്‍ക്ക് കുറഞ്ഞാലും ആപേക്ഷികമായി (മറ്റുള്ളവരെ അപേക്ഷിച്ച്) ഒരാള്‍ മുന്നിലാണെങ്കില്‍ മെച്ചപ്പെട്ട റാങ്ക് പ്രതീക്ഷിക്കാം. എന്നാല്‍, ഉയര്‍ന്ന മാര്‍ക്ക് ഉണ്ടെങ്കിലും ആപേക്ഷികമായി പിന്നിലാണെങ്കില്‍ റാങ്ക് താഴേക്ക് വരാന്‍ സാധ്യതയുണ്ട്. രണ്ടു സാഹചര്യങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് രണ്ടു ഘടകങ്ങളിലും പരമാവധി മാര്‍ക്ക് ലക്ഷ്യംവെച്ചുകൊണ്ടുള്ള പഠനമാണ് വേണ്ടത്. പരമാവധി മാര്‍ക്ക് അല്ലാതെ, അതില്‍ താഴെയുള്ള ഒരു നിശ്ചിതമാര്‍ക്ക് മനസ്സില്‍ കണ്ടുകൊണ്ട് പ്രവേശന പരീക്ഷ അഭിമുഖീകരിക്കരുത്.

വരുന്ന പ്രവേശനപരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഓരോന്നിലും പരമാവധി മാര്‍ക്കു വാങ്ങുക എന്ന ലക്ഷ്യത്തോടെയുള്ള തയ്യാറെടുപ്പു നടത്തുക.

കേരളത്തില്‍ എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ മുന്നിലെത്തുന്നവര്‍ പൊതുവേ ഏറ്റവും താത്പര്യം കാട്ടുന്ന കോളേജ് തിരുവനന്തപുരം ശ്രീകാര്യം കോളേജ് ഓഫ് എന്‍ജിനിയറിങ് ആണ്. അവിടെ ഏഴ് എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍ ഉണ്ട്. അവിടെയുള്ള, മറ്റു കോളേജുകളിലുമുള്ള ബ്രാഞ്ചുകള്‍ ഓരോന്നും പരിശോധിച്ചാല്‍, ഓരോ ബ്രാഞ്ചിലെയും സ്റ്റേറ്റ് മെറിറ്റ് സീറ്റുകള്‍ സംസ്ഥാന തലത്തില്‍ ആദ്യം നികത്തപ്പെടുന്നത് ഈ കോളേജിലാണ്. വിദ്യാര്‍ഥി താത്പര്യത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്, തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജും മൂന്നാംസ്ഥാനത്ത് കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജുമാണ് വന്നത്.

ബ്രാഞ്ചിനനുസരിച്ച് ചെറിയ മാറ്റങ്ങള്‍ ഉണ്ടാകും. 2021ലെ അലോട്ട്‌മെന്റുകളുടെ അവസാന റാങ്ക് പട്ടിക പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. വിദ്യാര്‍ഥികള്‍ ഏറ്റവുമധികം താത്പര്യം കാട്ടിയ ബ്രാഞ്ചുകളും കോളേജുകളും ഏതെന്ന് ഈ പട്ടിക നോക്കി മനസ്സിലാക്കാം. ഓരോ സ്ഥാപനത്തിലും ഓരോ ബ്രാഞ്ചിലും അവസാനമായി അലോട്ട്‌മെന്റ് ലഭിച്ച റാങ്കുകളും പട്ടികയില്‍ കിട്ടും.

നീറ്റിന് അപേക്ഷിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ കീം അപേക്ഷയില്‍ തിരഞ്ഞെടുത്ത സ്ട്രീം/സ്ട്രീമുകള്‍ അനുസരിച്ചിരിക്കും. മെഡിക്കല്‍ ആന്‍ഡ് അലൈഡ് സ്ട്രീം തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ നീറ്റ് അഭിമുഖകരിച്ചാല്‍ മാത്രമേ കേരളത്തിലെ മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് റാങ്കിങ്ങിനായി യോഗ്യതയ്ക്കു വിധേയമായി പരിഗണിക്കൂ.

എന്‍ജിനിയറിങ് മാത്രമാണ് അപേക്ഷിച്ചതെങ്കില്‍ കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശനത്തിനായി നീറ്റിന് അപേക്ഷിക്കേണ്ടതില്ല. കേരളത്തില്‍ മെഡിക്കല്‍ ആന്‍ഡ് അലൈഡ് സ്ട്രീം തിരഞ്ഞെടുക്കാത്തവര്‍ക്കും യോഗ്യതയ്ക്കു വിധേയമായി നീറ്റ് യു.ജി. അഭിമുഖീകരിക്കുന്നതിന് തടസ്സമില്ല.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക-https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: KEAM 2021, how to get admission in best colleges of Kerala, Ask Expert