ask expertകീം ഒന്നാം അലോട്ട്‌മെന്റില്‍ 27ാം ഓപ്ഷന്‍ ലഭിച്ചു. കോളേജില്‍ പ്രവേശനം ആഗ്രഹിക്കുന്നില്ല. രണ്ടാം അലോട്ട്‌മെന്റില്‍ പരിഗണിക്കണമെങ്കില്‍ എത്രരൂപ അടയ്ക്കണം. തുടര്‍നടപടികള്‍ എന്താണ്

ഹരിത, ആലപ്പുഴ

കീം ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ഥി അത് സ്വീകരിച്ചേ മതിയാകൂ. ഈഘട്ടത്തില്‍ കോളേജില്‍ ചേരേണ്ടതില്ല. അതു സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട സ്ട്രീമില്‍നിന്ന് പുറത്താകും. അതോടൊപ്പം അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകളും നഷ്ടപ്പെടും. അതിനാല്‍ ഇപ്പോള്‍കിട്ടിയ അലോട്ട്‌മെന്റില്‍ താത്പര്യമില്ലെങ്കിലും അടുത്തറൗണ്ടിലെ സാധ്യതകള്‍ നിലനിര്‍ത്താന്‍ നിശ്ചിത ഫീസടച്ച് അലോട്ട്‌മെന്റ് സ്വീകരിക്കണം. എങ്കില്‍മാത്രമേ ഭാവിയില്‍ താത്പര്യമുള്ള ഓപ്ഷനിലേക്ക് മാറ്റംലഭിക്കാനുള്ള നിങ്ങളുടെ സാധ്യത നിലനിര്‍ത്താന്‍ കഴിയൂ. അടയ്‌ക്കേണ്ട തുക എത്രയെന്ന് നിങ്ങളുടെ ഹോം പേജില്‍നിന്ന് ഡൗണ്‍ലോഡുചെയ്‌തെടുക്കാവുന്ന അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഫീസടയ്ക്കുന്നതിനൊപ്പം രണ്ടാംറൗണ്ടില്‍ പങ്കെടുക്കുന്നതിലുള്ള നിങ്ങളുടെ താത്പര്യം ഹോം പേജില്‍ കണ്‍ഫര്‍മേഷന്‍ നടത്തി പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കണം. ഫീസടയ്ക്കുകയും കണ്‍ഫര്‍മേഷന്‍ നടത്താതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ അടുത്തറൗണ്ടില്‍ പരിഗണിക്കുന്നതല്ല. എന്നാല്‍, ആദ്യറൗണ്ടില്‍ ലഭിച്ച അലോട്ട്‌മെന്റ് നിലനില്‍ക്കും.

കണ്‍ഫര്‍മേഷന്‍ നടത്തി ഹോം പേജിലേക്ക് കടക്കാം. അവിടെ അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ (നിങ്ങളുടെ കാര്യത്തില്‍ ഒന്നുമുതല്‍ 26 വരെയുള്ള ഓപ്ഷനുകള്‍) കാണാന്‍ കഴിയും. അടുത്ത റൗണ്ടില്‍ നിങ്ങളെ പരിഗണിക്കേണ്ടെന്നു തോന്നുന്ന ഓപ്ഷനുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാം. ഏതെങ്കിലും ഓപ്ഷനുകളുടെ മുന്‍ഗണനാക്രമത്തില്‍ മാറ്റംവേണമെങ്കില്‍ അത് വരുത്താം. ആദ്യറൗണ്ടില്‍ ഇല്ലാതിരുന്നതും രണ്ടാം റൗണ്ടില്‍ പുതുതായി പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയതുമായ ഓപ്ഷനുകള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍, അത് അവശേഷിക്കുന്ന ഹയര്‍ ഓപ്ഷന്‍ പട്ടികയില്‍ താത്പര്യമുള്ള സ്ഥാനത്ത് ഉള്‍പ്പെടുത്താം.

സമയപരിധികഴിയുമ്പോള്‍ നിങ്ങളുടെ പേജിലുള്ള ഹയര്‍ ഓപ്ഷനുകള്‍ പരിഗണിച്ച് അലോട്ട്‌മെന്റിന് പരിഗണിക്കും. അതിന്റെയടിസ്ഥാനത്തില്‍ മാറ്റംവന്നാല്‍ അതുസ്വീകരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അപ്പോള്‍ അത് സ്വീകരിച്ചില്ലെങ്കില്‍ അതു നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഒപ്പം ആദ്യ അലോട്ട്‌മെന്റും നഷ്ടമാകും. ആദ്യറൗണ്ടില്‍ ഒരു അലോട്ട്‌മെന്റും ലഭിക്കാത്തവരും രണ്ടാംറൗണ്ടില്‍ അവരെ പരിഗണിക്കപ്പെടണമെങ്കില്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതുണ്ട്.

Content Highlights: KEAM 2021 allotment details