ask expertഎസ്.സി. വിഭാഗം വിദ്യാര്‍ഥിയാണ്. കീം 2020 മെഡിക്കല്‍ റാങ്ക് പട്ടിക പ്രകാരമുള്ള കാറ്റഗറി പട്ടികയില്‍ എസ്.സി. വിഭാഗത്തില്‍ 200-നകം സ്ഥാനമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എസ്.സി. വിഭാഗത്തില്‍ എം.ബി.ബി.എസ്. സീറ്റ് കിട്ടുമോ?- ധന്യ, കോഴിക്കോട്

ര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസിന് പട്ടികജാതി വിഭാഗത്തില്‍ എത്രസീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട് എന്നതും കാറ്റഗറിപ്പട്ടികയിലെ നിങ്ങളുടെ കൃത്യസ്ഥാനം എത്രയെന്നും അറിഞ്ഞാലേ സാധ്യത വിലയിരുത്താന്‍ കഴിയൂ.

2019-ലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ പത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി. എസിന് മൊത്തം 148 സീറ്റുകളാണ് എസ്.സി. വിഭാഗത്തില്‍ രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ സംവരണംചെയ്തിരുന്നത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എസ്.സി. വിഭാഗത്തില്‍ സംവരണംചെയ്തിട്ടുള്ള 70 സീറ്റ് ഉള്‍പ്പെടെയാണിത്. ഈവര്‍ഷവും ഇത്രയും സീറ്റ് പ്രവേശനകമ്മിഷണറുടെ അലോട്ട്‌മെന്റില്‍ എസ്.സി. വിഭാഗത്തില്‍ ഗവ. മെഡിക്കല്‍ കോളേജുകളില്‍ സംവരണംചെയ്തിട്ടുണ്ടെങ്കില്‍ കാറ്റഗറിപ്പട്ടികയില്‍ 148 എന്നസ്ഥാനം വരെയുള്ളവര്‍ക്ക് എം.ബി.ബി.എസിന് ഏതെങ്കിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എസ്.സി. വിഭാഗത്തില്‍ സീറ്റ് ലഭിക്കും.

എന്നാല്‍, ഏതെങ്കിലും സംവരണ ആനുകൂല്യമുള്ളവര്‍ ഉള്‍പ്പെടെ റാങ്ക് പട്ടികയിലെ എല്ലാവരെയും ആദ്യം പരിഗണിക്കുക സ്റ്റേറ്റ് മെറിറ്റില്‍ (എസ്.എം.) ആയിരിക്കും. അപ്പോള്‍ ഈ 148 പേരില്‍ എത്രപേര്‍ക്ക് മെറിറ്റില്‍ അലോട്ട്‌മെന്റ് കിട്ടും എന്നതിനെ ആശ്രയിച്ച് എസ്.സി. കാറ്റഗറിപ്പട്ടികയില്‍ 148-ല്‍ താഴെ സ്ഥാനമുള്ളവര്‍ക്കും എസ്.സി. വിഭാഗത്തില്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അലോട്ട്‌മെന്റ്് കിട്ടാം.

ഉദാഹരണത്തിന് 148 പേരില്‍ രണ്ടുപേര്‍ സ്റ്റേറ്റ് മെറിറ്റില്‍ അലോട്ട്‌മെന്റ് നേടിയാല്‍ കാറ്റഗറിപ്പട്ടികയില്‍ 149 മുതല്‍ അടുത്ത രണ്ടുസ്ഥാനംകൂടി ഉള്ളവര്‍ക്ക് എസ്.സി. സംവരണസീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കും (കാറ്റഗറി സ്ഥാനം 150 വരെ). ഇതാണ് തത്ത്വം. മറ്റുസംവരണവിഭാഗങ്ങളിലും ഇതേ തത്ത്വം പാലിച്ചാണ് കാറ്റഗറി ആനുകൂല്യമുള്ളവരുടെ അലോട്ട്‌മെന്റ് നടത്തുന്നത്.

Content Highlights: KEAM 2020 no of scheduled cast reservation seat