കര്‍ണാടകത്തില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് കേരളത്തിലെ അപേക്ഷകരെ ഏതൊക്കെ സീറ്റിലേക്ക് പരിഗണിക്കും

ജോസഫ്, എറണാകുളം

കര്‍ണാടകയില്‍ സര്‍ക്കാര്‍ കോളേജുകളിലെ 100 ശതമാനം സീറ്റ്, സ്വകാര്യ കോളേജുകളില്‍ നോണ്‍ മൈനോറിറ്റി (കര്‍ണാടക പ്രൊഫഷണല്‍ കോളേജസ് ഫൗണ്ടേഷന്‍ കെ.പി.സി.എഫ്.) കോളേജുകളിലെ 40 ശതമാനം സീറ്റ്, റിലിജിയസ്, ലിംഗ്വിസ്റ്റിക് മൈനോറിറ്റി കോളേജുകളില്‍ (അസോസിയേഷന്‍ ഓഫ് മൈനോറിറ്റി പ്രൊഫഷണല്‍ കോളേജസ് ഓഫ് കര്‍ണാടക  എ.എം.പി.സി.കെ.; കര്‍ണാടക റിലീജിയസ് ആന്‍ഡ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി പ്രൊഫഷണല്‍ കോളേജസ് അസോസിയേഷന്‍  കെ.ആര്‍.എല്‍.എം.പി.സി.എ. എന്നിവയിലെ കോളേജുകള്‍) 25 ശതമാനം സീറ്റ് എന്നിവ സര്‍ക്കാര്‍ സീറ്റുകളാണ്. ഇവയിലേക്ക് കര്‍ണാടകക്കാര്‍ക്കുമാത്രമാണ് പ്രവേശനം. എല്ലാ സ്വകാര്യകോളേജിലും 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റും അഞ്ചുശതമാനം അദര്‍ സീറ്റ്‌സും ആണ്.

കെ.പി.സി.എഫ്. കോളേജുകളില്‍ ബാക്കിയുള്ള 40 ശതമാനം സീറ്റ് പ്രൈവറ്റ് സീറ്റുകളാണ്. ഈ 40 ശതമാനത്തിന്റെ പകുതി സീറ്റുകള്‍ (50 ശതമാനം) കര്‍ണാടകക്കാര്‍ക്കുള്ളതാണ്. ബാക്കി പകുതി (50 ശതമാനം) അഖിലേന്ത്യാതലത്തില്‍ നികത്തുന്ന ഓപ്പണ്‍ സീറ്റുകളാണ്. എ.എം.പി.സി.കെ., കെ.ആര്‍.എല്‍.എം.പി.സി. എ. കോളേജുകളില്‍ 55 ശതമാനം സീറ്റാണ് പ്രൈവറ്റ് സീറ്റുകള്‍. ഈ 55 ശതമാനത്തിന്റെ 66 ശതമാനം റിലീജിയസ്/ലിംഗ്വിസ്റ്റിക്‌സ് മൈനോറിറ്റി വിഭാഗക്കാര്‍ക്കാണ്. ഇതില്‍ റിലിജിയസ് മൈനോറിറ്റി കോളേജുകളില്‍ കര്‍ണാടകക്കാരെയും പുറത്തുള്ളവരെയും പരിഗണിക്കും. പക്ഷേ, മുന്‍ഗണന കര്‍ണാടകക്കാര്‍ക്കാണ്. ഈ 55 ശതമാനത്തില്‍ പിന്നെ അവശേഷിക്കുന്നത് 34 ശതമാനം സീറ്റാണ്. ഈ 34 ശതമാനത്തിന്റെ 50 ശതമാനം കര്‍ണാടകക്കാര്‍ക്കുള്ളതാണ്. ബാക്കി 50 ശതമാനം അഖിലേന്ത്യതലത്തില്‍ നികത്തുന്ന ഓപ്പണ്‍ സീറ്റുകള്‍ ആയിരിക്കും.

ഉദാഹരണം: ഒരു കെ.പി.സി.എഫ്. കോളേജില്‍ 100 സീറ്റ് ഉണ്ടെന്നുകരുതുക. ഇതില്‍ കര്‍ണാടകക്കാര്‍ക്കുള്ള ഗവ.സീറ്റ് 40, പ്രൈവറ്റ് സീറ്റ് കര്‍ണാടകക്കാര്‍ക്ക് 20, അഖിലേന്ത്യാതലത്തില്‍ നികത്തുന്ന പ്രൈവറ്റ് സീറ്റ് 20, എന്‍.ആര്‍.ഐ 15, അദര്‍ സീറ്റ്‌സ് അഞ്ച്.

എ.എം.പി.സി.കെ., കെ.ആര്‍.എല്‍.എം.പി.സി.എ. കോളേജുകള്‍: ഒരു കോളേജില്‍ 200 സീറ്റ് ഉണ്ടെന്നുകരുതുക. സീറ്റുവിഭജനം ഇപ്രകാരമായിരിക്കും (ഏകദേശം). കര്‍ണാടകക്കാര്‍ക്കുള്ള ഗവ. സീറ്റ് 50; മൈനോറിറ്റി സീറ്റ് 73, പ്രൈവറ്റ് സീറ്റ് കര്‍ണാടകക്കാര്‍ക്ക് 18/19, അഖിലേന്ത്യാതലത്തില്‍ നികത്തുന്ന പ്രൈവറ്റ് സീറ്റ് 19/18, എന്‍.ആര്‍.ഐ. 30 സീറ്റ്, അദര്‍ സീറ്റ്‌സ് 10.

ഔദ്യോഗികസീറ്റ് വിഭജനരേഖ വരുമ്പോള്‍ ഓരോ വിഭാഗത്തിലെയും സീറ്റ് കൃത്യമായറിയാം.

Content Highlights: Karnataka MBBS Seat allocation