ask expert12-ല്‍ പഠിക്കുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്‌സിന് ചേരണമെന്നുണ്ട്. ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷയ്ക്ക് എപ്പോള്‍ രജിസ്റ്റര്‍ചെയ്യാം? -അശ്വിന്‍, ഇടുക്കി

അംഗീകൃത പ്ലസ്ടു (12-ാം ക്ലാസ്) പരീക്ഷ അഭിമുഖീകരിച്ചശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി ഫൗണ്ടേഷന്‍ കോഴ്‌സിന് രജിസ്റ്റര്‍ചെയ്യാം. അതിനുശേഷം ഈ കോഴ്‌സിന്റെ പഠന കാലയളവായ നാലുമാസം പൂര്‍ത്തിയാക്കണം. അംഗീകൃത സീനിയര്‍ സെക്കന്‍ഡറി പരീക്ഷ (10+2) ജയിച്ചശേഷമേ ഫൗണ്ടേഷന്‍ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാന്‍ കഴിയൂ.

ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷ സാധാരണഗതിയില്‍ എല്ലാവര്‍ഷവും മേയ് മാസത്തിലും നവംബര്‍ മാസത്തിലുമാണ് നടത്തുന്നത്. ഒരു വര്‍ഷത്തെ മേയിലെ പരീക്ഷയ്ക്ക് തലേവര്‍ഷം ഡിസംബര്‍ 31 വരെയും നവംബറിലെ പരീക്ഷയ്ക്ക് അതേവര്‍ഷം ജൂണ്‍ 30 വരെയും രജിസ്റ്റര്‍ ചെയ്യാം.

ഫൗണ്ടേഷന്‍ കോഴ്‌സ് ജയിച്ചശേഷം ഇന്റര്‍മീഡിയറ്റ് കോഴ്‌സിന് ചേരാം. അതു ജയിച്ചശേഷം ഫൈനല്‍ കോഴ്‌സിനും. ഫൗണ്ടേഷന്‍ കോഴ്‌സ് ചാനല്‍ വഴിയല്ലാതെ ബിരുദം/ ബിരുദാനന്തര ബിരുദം എടുത്ത ശേഷം നേരിട്ട് ഇന്റര്‍മീഡിയറ്റ് കോഴ്‌സില്‍ ചേരാനും സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക്: www.icai.org യില്‍ 'സ്റ്റുഡന്റ്‌സ്' ലിങ്ക് കാണുക.

ആസ്‌ക് എക്സ്പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert

Content Highlights: Join Chartered Accountant Course after completing plus two; Know the registration process here