ask expertബിരുദത്തിനുശേഷം പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ ഏതൊക്കെ അവസരങ്ങളാണുള്ളത്?-സേവ്യ ദത്ത്, കൊല്ലം

ബിരുദത്തിനുശേഷം പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയിലുള്ള അവസരങ്ങള്‍, എടുക്കുന്ന ബിരുദത്തെ ആശ്രയിച്ചിരിക്കും. ചില എന്‍ട്രികളും അവയ്ക്കുവേണ്ട വിദ്യാഭ്യാസയോഗ്യതയും ഇപ്രകാരമാണ്.

ബാര്‍ കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നും പ്ലസ് ടു കഴിഞ്ഞെടുത്ത, കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെയുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി. (ബി.എ. എല്‍എല്‍.ബി. പോലുള്ളവ) അല്ലെങ്കില്‍ ബിരുദത്തിനുശേഷമുള്ള ത്രിവത്സര എല്‍എല്‍.ബി. ബിരുദമുള്ള അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള അര്‍ഹതയ്ക്കുവിധേയമായി ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (ജെ.എ.ജി.) എന്‍ട്രിക്ക് അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (നോണ്‍ ടെക്‌നിക്കല്‍) എന്‍ട്രിയാണ്.

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സി.ഡി.എസ്.) പരീക്ഷ എന്‍ട്രിവഴി ഏതെങ്കിലും അംഗീകൃത ബിരുദമുള്ള അവിവാഹിതരായ വനിതകള്‍, പുനര്‍വിവാഹിതരല്ലാത്ത കുട്ടികളില്ലാത്ത വിധവകള്‍, പുനര്‍വിവാഹിതരല്ലാത്ത കുട്ടികളില്ലാത്ത വിവാഹബന്ധം വേര്‍പെടുത്തിയ വനിതകള്‍ എന്നിവര്‍ക്ക്, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (വിമണ്‍-നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സ്) എന്‍ട്രിക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്. ബിരുദം, രണ്ട് ചാന്‍സില്‍ കൂടുതലെടുക്കാതെ ജയിച്ച വനിതകള്‍ക്ക് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസില്‍ (എ.എഫ്.എം.എസ്.) ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷിക്കാം. ഇന്ത്യ/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.

ബി.ഡി.എസ്. (55 ശതമാനം മാര്‍ക്കോടെ)/എം.ഡി.എസ്. ബിരുദമുള്ള വനിതകള്‍ക്ക്, ആര്‍മി ഡെന്റല്‍ കോറില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷിക്കാം. ഡെന്റല്‍ കൗണ്‍സില്‍ (ഇന്ത്യ/സ്റ്റേറ്റ്) രജിസ്‌ട്രേഷന്‍, നീറ്റ് (എം.ഡി.എസ്.) യോഗ്യത എന്നിവ വേണ്ടിവരും.

എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രിപദ്ധതിവഴി അവിവാഹിതരായ, ബിരുദധാരികളായ (50 ശതമാനം മാര്‍ക്ക്) വനിതകള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അവസരമുണ്ട്. എന്‍.സി.സി.യുടെ സീനിയര്‍ ഡിവിഷനില്‍/വിങ്ങില്‍ കുറഞ്ഞത് മൂന്ന് അക്കാദമിക് വര്‍ഷങ്ങളില്‍ സേവനമനുഷ്ഠിച്ചിരിക്കണം. എന്‍.സി.സി. സി- സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് ബി ഗ്രേഡ് ലഭിച്ചിരിക്കണം.

ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കപ്പെടുന്ന മറ്റ് യോഗ്യതാ വ്യവസ്ഥകളുമുണ്ടാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.joinindianarmy.nic.in.

Content Highlights: Job opportunities for women in Indian Army, ask expert