ask expertജെ.ഇ.ഇ. പരീക്ഷ വഴി ഐ.ഐ.ടി.യില്‍ ബി.എസ്‌സി. ഫിസിക്‌സ് എടുക്കാന്‍ സാധിക്കുമോ?- മിഥുന്‍, തിരുവനന്തപുരം

മൂന്നുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്‌സി.) പ്രോഗ്രാമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) സംവിധാനത്തില്‍ ലഭ്യമല്ല.

എന്നാല്‍, കാന്‍പുര്‍ ഐ.ഐ.ടി.യില്‍ നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്.) പ്രോഗ്രാം ലഭ്യമാണ്. ഈ പ്രോഗ്രാമിലെ പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ ആദ്യം ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ. ഇ.) മെയിന്‍  ബി.ഇ./ബി.ടെക്.  പേപ്പര്‍ 1 അഭിമുഖീകരിക്കണം. ആ പരീക്ഷയുടെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയില്‍ നിന്ന് മുന്നിലെത്തുന്ന രണ്ടരലക്ഷം പേര്‍ക്കാണ് ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത ലഭിക്കുക.

ഓപ്പണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു വിദ്യാര്‍ഥിയാണെങ്കില്‍ നിലവിലെ വ്യവസ്ഥ പ്രകാരം ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ ഒന്നില്‍ 96187 റാങ്കിനകം വന്നാലേ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ യോഗ്യത ലഭിക്കൂ.

തുടര്‍ന്ന്, രണ്ടു പേപ്പറുകളുള്ള ജെ.ഇ. ഇ. അഡ്വാന്‍സ്ഡ് രജിസ്റ്റര്‍ ചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് യോഗ്യത നേടാന്‍ ജനറല്‍/ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ഓരോന്നിലും പത്തു ശതമാനം മാര്‍ക്ക് വേണം. കൂടാതെ, രണ്ടുപേപ്പറുകള്‍ക്കും കൂടി 35 ശതമാനം മാര്‍ക്ക് വേണം. സംവരണവിഭാഗക്കാര്‍ക്ക് ഇതില്‍ ഇളവുണ്ട്.

റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ജോയന്റ് സീറ്റ് അലോക്കേറ്റ് അതോറിറ്റി (ജോസ) നടത്തുന്ന കേന്ദ്രീകൃത അലോട്ടുമെന്റ് പ്രക്രിയയില്‍ രജിസ്റ്റര്‍ചെയ്ത് ഓപ്ഷന്‍ നല്‍കി പങ്കെടുക്കാം. 2020ലെ പ്രവേശനത്തില്‍ ആറാം റൗണ്ടില്‍ ഓപ്പണ്‍ ജന്‍ഡര്‍ ന്യൂട്രല്‍ വിഭാഗത്തില്‍ ഇവിടെ അലോട്ട്‌മെന്റ് ലഭിച്ച അവസാന റാങ്ക് 4241 ആണ്.

ഐ.ഐ.ടി.കളില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ്  (i) ഫിസിക്‌സ് (ഖരഗ്പുര്‍, റൂര്‍ഖി) (ii) എക്‌സ്‌പ്ലൊറേഷന്‍ ജിയോ ഫിസിക്‌സ് (ഖരഗ്പുര്‍) എന്നിവയിലും അഞ്ചുവര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് (ഡ്യുവല്‍ ഡിഗ്രി)  ഫിസിക്‌സിലും (മദ്രാസ്) ലഭ്യമാണ്. വിവരങ്ങള്‍ക്ക്: https://josaa.nic.in.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com /education/help-desk/ask-expert)

Content Highlights: JEE main exam and IIT admission