ask expertജെ.ഇ.ഇ. മെയിന്‍ എഴുതി. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് എഴുതാന്‍ ഒ.ബി.സി.ക്കാര്‍ക്ക് വേണ്ട കട്ട് ഓഫ് എത്രയാകും. എങ്ങനെയാണ് അത് നിശ്ചയിക്കുക? എത്രപേര്‍ക്ക് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് എഴുതാം?- നവ്യ വേണുഗോപാല്‍, തൃശ്ശൂര്‍

2021-ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ പേപ്പര്‍ ഒന്ന്, മൊത്തം നാല് സെഷനുകളില്‍ നടത്തും. മൂന്ന് സെഷനുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. നാലാം സെഷന്‍ ഓഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. നാലാം സെഷനും കഴിഞ്ഞശേഷമാണ് ബി.ഇ./ബി.ടെക്. പേപ്പര്‍ ഒന്നിന്റെ റാങ്ക് പട്ടിക തയ്യാറാക്കുക. ഓരോ പരീക്ഷാര്‍ഥിയുടെയും ഏറ്റവും മെച്ചപ്പെട്ട എന്‍.ടി.എ. സ്‌കോര്‍ ആകും ഇതിനായി പരിഗണിക്കുക.

ജെ.ഇ.ഇ. മെയിന്‍ റാങ്ക് പട്ടിക തയ്യാറാക്കിയ ശേഷമാണ് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത ലഭിക്കുന്ന 2,50,000 പേരെ കണ്ടെത്തുക. ഓരോ വിഭാഗത്തില്‍ നിന്നും നിശ്ചിത എണ്ണം പേര്‍ക്കാണ് അവസരം. ഈ വിവരങ്ങള്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. ഓപ്പണ്‍ 96,187, ജനറല്‍ ഇ.ഡബ്ല്യു.എസ്. 23,750, ഒ.ബി.സി. എന്‍.സി.എല്‍. 64,125, എസ്.സി. 35,625, എസ്.ടി. 17,812. ഇതുകൂടാതെ, ഓരോ വിഭാഗത്തിലെയും ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചിരിക്കുന്ന സീറ്റുകള്‍ യഥാക്രമം: 5063, 1250, 3375, 1875, 938.

ലഭ്യമായ സ്ലോട്ടുകള്‍ അനുസരിച്ചാണ് കട്ട് ഓഫ് പ്രഖ്യാപിക്കുക. ഒരു വര്‍ഷത്തെ കട്ട് ഓഫ് അടുത്ത വര്‍ഷം മാറാം. 2021 പ്രവേശനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ 96,187 പേര്‍ക്കാണ് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത കിട്ടുക. റാങ്ക് പട്ടികയില്‍ 96,187 എന്ന റാങ്ക് ലഭിക്കുന്ന പരീക്ഷാര്‍ഥിയുടെ എന്‍.ടി. എ. സ്‌കോര്‍ ആയിരിക്കും ജനറല്‍ വിഭാഗത്തിലെ കട്ട്ഓഫ് ആയി പ്രഖ്യാപിക്കുന്നത്. 2020-ല്‍ ഈ വിഭാഗം കട്ട് ഓഫ് 90.3765335 ആയിരുന്നു.

2021-ലെ പ്രവേശനത്തില്‍ ജനറല്‍ ഒ.ബി.സി. വിഭാഗത്തില്‍ മൊത്തം 64,125 സ്‌ളോട്ടുകള്‍ ഉണ്ട്. ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ ഒന്നില്‍, 96,188 റാങ്ക് മുതല്‍ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അടുത്ത 64,125 പേരുടെ റാങ്ക് പരിഗണിച്ച് അതില്‍ ഏറ്റവും ഒടുവിലുള്ള റാങ്കിന്റെ എന്‍.ടി.എ. സ്‌കോര്‍ ആയിരിക്കും ഒ.ബി.സി. കട്ട് ഓഫ് സ്‌കോര്‍. 2020-ല്‍ ഒ.ബി.സി. കട്ട് ഓഫ്, 72.8887969 ആയിരുന്നു.

മറ്റു സംവരണ വിഭാഗങ്ങളുടെയും കട്ട് ഓഫ് സ്‌കോര്‍ ഇതേ രീതിയിലാണ് കണ്ടെത്തുക. മറ്റു വിഭാഗങ്ങളുടെ 2020-ലെ കട്ട് ഓഫ് ഇങ്ങനെ:. ഇ.ഡബ്ല്യു.എസ്. 70.2435518, എസ്.സി. 50.1760245, എസ്.ടി. 39.0696101, പി.ഡബ്ല്യു.ഡി. 0.0618524. ഇത് 2021-ല്‍ ആവര്‍ത്തിക്കണമെന്നില്ല. കട്ട് ഓഫ് അറിയാന്‍ ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ ഒന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം.

Content Highlights: JEE Advanced exam and OBC Cutoff mark, ask expert