2022 ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനുള്ള യോഗ്യതാ വ്യവസ്ഥകളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതായിക്കണ്ടു. വിശദാംശങ്ങള്‍ നല്‍കാമോ?

സീനത്ത്, കോഴിക്കോട്.

കോവിഡ് സാഹചര്യത്തില്‍ ഒറ്റത്തവണ നടപടി എന്നരീതിയില്‍ ജോയന്റ്് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനുള്ള അര്‍ഹതാവ്യവസ്ഥകളില്‍ ചില ഇളവുകള്‍ ജോയന്റ്് അഡ്മിഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 2020, 2021 വര്‍ഷങ്ങളില്‍ യോഗ്യതാപരീക്ഷ ജയിച്ചവര്‍ക്കാണ് ഇളവുകള്‍ ബാധകം.

പന്ത്രണ്ടാംക്ലാസ്/തത്തുല്യപരീക്ഷ 2020ലോ 2021 ലോ ആദ്യമായി അഭിമുഖീകരിച്ച്, 2021ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ചെയ്തശേഷം, ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന്റെ രണ്ടു പേപ്പറുകളും എഴുതാന്‍ കഴിയാതെ പോയവര്‍ക്ക് 2022ലെ ജെ. ഇ.ഇ. അഡ്വാന്‍സ്ഡ് നേരിട്ട് അഭിമുഖീകരിക്കാം. അവര്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ പ്രകാരമുള്ള ഒന്നുമുതല്‍ നാലുവരെയുള്ള യോഗ്യതാവ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തേണ്ടതില്ല (1. ജെ.ഇ.ഇ. മെയിന്‍പേപ്പര്‍1 അഭിമുഖീകരിച്ച് ജെ. ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനുള്ള അര്‍ഹത കാറ്റഗറി അനുസരിച്ച് ലഭിക്കുക 2. പ്രായപരിധി 3. ചാന്‍സ്/വര്‍ഷം വ്യവസ്ഥ 4. ക്ലാസ് 12 പരീക്ഷ അഭിമുഖീകരിക്കല്‍ വര്‍ഷം). അവര്‍ ബാധകമായ സമയത്ത് 2022ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്യണം.

പന്ത്രണ്ടാംക്ലാസ്/തത്തുല്യപരീക്ഷ 2020ല്‍ ആദ്യമായി അഭിമുഖീകരിച്ചവര്‍ക്കും ഒറ്റത്തവണ നടപടി എന്നരീതിയില്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് 2022 അഭിമുഖീകരിക്കാന്‍ അര്‍ഹത ലഭിക്കും. അതിന് രണ്ട് വ്യവസ്ഥകള്‍ ഒരുമിച്ച് തൃപ്തിപ്പെടുത്തണം (i) അപേക്ഷാര്‍ഥി 2020ലോ 2021ലോ ഏതെങ്കിലും ഒരുവര്‍ഷംമാത്രമേ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഇതിനകം അഭിമുഖീകരിച്ചിരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ 2020ലും 2021ലും ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന്റെ ഒരു പേപ്പറും അഭിമുഖീകരിച്ചിരിക്കരുത് (ii) ഇവര്‍ 2022ലെ ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍1 അഭിമുഖീകരിച്ച്, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ എല്ലാ കാറ്റഗറികളില്‍നിന്നുമായി അര്‍ഹത നേടുന്ന രണ്ടരലക്ഷംപേരുടെ കട്ട് ഓഫ് സ്‌കോര്‍ (കാറ്റഗറി അനുസരിച്ച് ബാധകമായത്) നേടണം.

രണ്ടുകേസുകളിലും ഇപ്രകാരം അര്‍ഹത ലഭിക്കുന്നവര്‍, സാധാരണഗതിയില്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത നേടുന്ന രണ്ടരലക്ഷംപേരില്‍ ഉള്‍പ്പെടില്ല. 2022ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അവരുടെ ഒന്നാം ചാന്‍സായി/രണ്ടാം ചാന്‍സായി വരുന്നവര്‍ക്കുമാത്രമാണ് ഈ ഇളവ് നല്‍കിയിരിക്കുന്നത്. രണ്ട് തവണയില്‍കൂടുതല്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ ഒരാള്‍ക്കും അര്‍ഹത ലഭിക്കില്ല. മാത്രമല്ല ഇവര്‍ക്ക് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ബ്രോഷറിലെ അഞ്ചാം വ്യവസ്ഥ (ഐ.ഐ.ടി.യില്‍ പ്രവേശനം ലഭിച്ചതുമായി ബന്ധപ്പെട്ട വ്യവസ്ഥ) ബാധകമായിരിക്കും.

ഇതാണ് യോഗ്യതാവ്യവസ്ഥയില്‍ ഒറ്റത്തവണത്തേക്ക് വരുത്തിയിരിക്കുന്ന ഭേദഗതികള്‍. വിവരങ്ങള്‍ക്ക്: www.jeeadv.ac.in

Content Highlights: JEE Advanced 2022