ജാം 2021-ല്‍ യോഗ്യത നേടി. ഐ.ഐ.ടി. M.Sc. പ്രവേശത്തിനല്ലാതെ മറ്റേതൊക്കെ M.Sc പ്രവേശത്തിന് ഈ സ്കോര്‍ പരിഗണിക്കും?- പാര്‍വതി, പാലക്കാട്
ഏതു വിഷയത്തിലാണ് യോഗ്യത നേടിയതെന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ പൊതുവായ ചില വിവരങ്ങള്‍ നല്‍കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) സംവിധാനത്തിനു പുറത്ത്, എം.എസ്സി. പ്രവേശത്തിന് ജാം സ്കോര്‍ പരിഗണിക്കുന്ന മുഖ്യ പ്രവേശന സംവിധാനം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) നടത്തുന്ന സെന്‍ട്രലൈസ്ഡ് കൗണ്‍സലിങ് ഫോര്‍ എം.എസ്സി./എം. എസ്സി. (ടെക്.) [സി.സി.എം.എന്‍.] ആണ്.
എന്‍.ഐ.ടി.കള്‍, സെന്‍ട്രലി ഫണ്ടഡ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയിലെ എം.എസ്സി./എം.എസ്സി. (ടെക്) കോഴ്സുകളിലെ പ്രവേശനത്തിനുള്ള പൊതുവായ ഒരു സംവിധാനമാണിത്. 2020-ല്‍, 19 എന്‍.ഐ.ടി.കള്‍ (ജലന്ധര്‍, ജയ്പുര്‍, അലഹാബാദ്, അഗര്‍ത്തല, കോഴിക്കോട്, ദുര്‍ഗാപുര്‍, ഹാമിര്‍പുര്‍, സൂറത്കല്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, ജംഷഡ്പുര്‍, മണിപ്പുര്‍, റൂര്‍ഖേല, സില്ചാര്, ശ്രീനഗര്‍, തിരുച്ചിറപ്പള്ളി, വാറങ്കല്‍, നാഗ്പുര്‍ എന്നിവ), ഷിബ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി.); പഞ്ചാബ്, സന്ത് ലോംഗോവാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി (എസ്.എല്‍.ഐ.ഇ.ടി.) എന്നിവയാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്നത്.
കോഴിക്കോട് എന്‍.ഐ.ടി.യില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ എം.എസ്സി. പ്രോഗ്രാമുകളാണ് ഉള്ളത്. ഈ മൂന്നു വിഷയങ്ങളിലെ എം.എസ്സി. കൂടാതെ, വിവിധ എല്‍.ഐ.ടി.കളിലായി മാത്തമാറ്റിക്സ് ആന്‍ഡ് സയന്റിഫിക് കംപ്യൂട്ടിങ്, മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ്, അപ്ലൈഡ് ജിയോളജി ആന്‍ഡ് ജിയോ ഇന്‍ഫര്‍മാറ്റിക്സ്, ലൈഫ് സയന്‍സസ്, അപ്ലൈഡ് ജിയോളജി, അറ്റ്മോസ്ഫറിക് സയന്‍സസ്, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, അനലറ്റിക്കല്‍ കെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി, ഫുഡ് പ്രോസസിങ് ആന്‍ഡ് ന്യൂട്രീഷന്‍ സയന്‍സ് എന്നീ രണ്ട് വര്‍ഷ എം.എസ്സി. പ്രോഗ്രാമുകളും എം.എസ്സി. (ടെക്.) എന്‍ജിനിയറിങ് ഫിസിക്സ് (മൂന്ന് വര്‍ഷം) പ്രോഗ്രാമും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഓരോ കോഴ്സിലെയും പ്രവേശന യോഗ്യതയ്ക്കു വിധേയമായി നിശ്ചിത ജാം പേപ്പര്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020ലെ പ്രവേശന വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ https://ccmn.admissions.nic.in കാണണം.
ബെംഗളൂരുവിലെ ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് (ജെ.എന്‍.സി.എ.എസ്.ആര്.) മെറ്റീരിയല്‍സ് കെമിസ്ട്രി/കെമിക്കല്‍ ബയോളജി സ്പെഷ്യലൈസേഷനുകളോടെയുള്ള എം.എസ്സി. കെമിസ്ട്രി പ്രോഗ്രാമിലേക്ക് ജാം യോഗ്യത നേടിയവരെ പരിഗണിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: https://jncsar-admissions.in
Content Highlights: JAM score and MSc Admission ask expert