ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ബിരുദ പ്രോഗ്രാം പ്രവേശനത്തിന് ഒളിമ്പ്യാഡ് വിജയികൾക്ക് ഇളവുള്ളതായി കേട്ടു. വിശദാംശങ്ങൾ നൽകാമോ? -പ്രിയ, പാലക്കാട്

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് എന്നീ ബി.എസ്സി. (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിൽ നാഷണൽ സയൻസ് (മാത്തമാറ്റിക്സ്/ഫിസിക്സ്) ഒളിമ്പ്യാഡിൽ അസാമാന്യമികവ് കാട്ടിയ വിദ്യാർഥികളെ പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020-ലെ പ്രോസ്പക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ അസോസിയേഷൻ ഫോർ റിസർച്ച് ഇൻ കംപ്യൂട്ടിങ് സയൻസ് (ഐ.എ.ആർ.സി.എസ്.) നടത്തുന്ന കംപ്യൂട്ടിങ് സയൻസ് ഒളിമ്പ്യാഡ് വിജയികളെയും പ്രവേശന പരീക്ഷയിൽനിന്ന് ഒഴിവാക്കുമെന്ന് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ ഒഴിവാക്കലുകൾ അഡ്മിഷൻ കമ്മിറ്റിയുടെ വിവേചന അധികാരപരിധിയിൽ വരുന്നകാര്യമാണ് എന്നും സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) നടത്തുന്ന ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്, ബാച്ചിലർ ഓഫ് മാത്തമാറ്റിക്സ് എന്നീ ഓണേഴ്സ് പ്രോഗ്രാം പ്രവേശനത്തിൽ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ട്രെയിനിങ് ക്യാമ്പി (ഐ.എം.ഒ.ടി.സി.) ലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാരിന്റെ ആറ്റമിക് എനർജി വകുപ്പ് നാഷണൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് നടത്തുന്ന ഇന്ത്യൻ നാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് (ഐ.എൻ.എം.ഒ.) ജേതാക്കളെ, പ്രവേശനത്തിനായുള്ള എഴുത്തുപരീക്ഷ അഭിമുഖീകരിക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇവരെ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഇന്റർവ്യൂവിലേക്ക് നേരിട്ട് പരിഗണിക്കും. ഹോമി ഭാബ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ (എച്ച്.ബി.സി.എസ്.ഇ.) നൽകുന്ന ഐ.എൻ.എം.ഒ. സർട്ടിഫിക്കറ്റ് ഓഫ് മെരിറ്റ് ഉള്ളവർ മറ്റേതെങ്കിലും ഓർഗനൈസേഷനുകൾ സംഘടിക്കുന്ന ഏതെങ്കിലും മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ജേതാക്കൾ എന്നിവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കുന്നതല്ല.

രണ്ടു പ്രവേശനങ്ങളിലും ഈ ആനുകൂല്യത്തിന് അർഹതയുള്ളവരും പ്രവേശപരീക്ഷാ വിജ്ഞാപനം വരുമ്പോൾ പ്രവേശനത്തിനായി മറ്റു അപേക്ഷാർഥികളെപ്പോലെതന്നെ അപേക്ഷിക്കേണ്ടതുണ്ട്.

Content Highlights: ISI, CMI admission for science olympiad winners, ask expert