ask expertആയുര്‍വേദ ഡോക്ടറാകാന്‍ നീറ്റ് നിര്‍ബന്ധമാണോ? വിശദാംശങ്ങള്‍ നല്‍കുമോ?- അനുശ്രീ, പാലക്കാട്

യുര്‍വേദ ഡോക്ടറാകാന്‍ ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ബി.എ.എം.എസ്.) കോഴ്‌സ് ജയിക്കണം. പ്രവേശനത്തിന് നീറ്റ് യു.ജി. നിര്‍ബന്ധമാണ്. ദേശീയ തലത്തിലും സംസ്ഥാനതലങ്ങളിലും നീറ്റ് യു.ജി. അടിസ്ഥാനമാക്കിയാണ് പ്രവേശനം.

കേരളത്തിലെ ഒരു കുട്ടിയെ സംബന്ധിച്ച് രണ്ടുരീതിയില്‍ ബി.എ.എം.എസ്. പ്രവേശനം നേടാം. കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന സീറ്റ് അലോട്ടുമെന്റ് വഴി പ്രവേശനത്തിന് ആദ്യം കീം പരീക്ഷയ്ക്ക് മെഡിക്കല്‍ ആന്‍ഡ് അലൈഡ് വിഭാഗത്തില്‍ കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷിക്കണം. കൂടാതെ നീറ്റ് യു.ജി. അഭിമുഖീകരിച്ച് യോഗ്യതയും നേടണം. നീറ്റ് സ്‌കോര്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് യഥാസമയം നല്‍കണം. പ്രോസ്‌പെക്ടസ് വ്യവസ്ഥപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കി (കോളേജ്/കോഴ്‌സ്) സീറ്റ് അലോട്ടുമെന്റില്‍ പങ്കെടുക്കാം.

നീറ്റ് ഫലപ്രഖ്യാപനത്തിനുശേഷം ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. കോഴ്‌സുകള്‍ക്കൊപ്പം ബി.എ.എം.എസ്. കോഴ്‌സിനും അഖിലേന്ത്യാതലത്തില്‍ നിശ്ചിത സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടത്തുന്നുണ്ട്.

ഇതില്‍ ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ്, കേന്ദ്ര സര്‍വകലാശാലകള്‍, ദേശീയ സ്ഥാപനങ്ങള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ പ്രഖ്യാപിക്കപ്പെട്ട സീറ്റുകള്‍ ഉള്‍പ്പെടുന്നു. മറ്റു സ്വകാര്യ സ്ഥാപനങ്ങിലും അഖിലേന്ത്യാ തലത്തില്‍ നികത്തുന്ന സീറ്റുകള്‍ ഉണ്ട്. അതിലേക്കുള്ള അലോട്ടുമന്റ് ബന്ധപ്പെട്ട സംസ്ഥാനത്തെ കൗണ്‍സലിങ് അതോറിറ്റി നടത്തും. ഈ രണ്ടു കൗണ്‍സലിങ്ങിനും നീറ്റ് യു.ജി. യോഗ്യത നിര്‍ബന്ധമാണ്. കൗണ്‍സലിങ് പ്രക്രിയ പ്രഖ്യാപിക്കുമ്പോള്‍ നീറ്റ് യോഗ്യത ഉളവര്‍ക്ക് ഈ പ്രക്രിയയില്‍ രജിസ്റ്റര്‍ ചെയ്ത് ചോയ്‌സ് ഫില്ലിങ് നടത്തി പങ്കെടുക്കാം. ഇതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ https://aaccc.gov.in കാണണം.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com /education/help-desk /ask-expert)

Content Highlights: Is NEET necessary for becoming an Ayurveda doctor, Ask expert