ask expertപ്ലസ് ടുവിന് മാത്തമാറ്റിക്‌സ് വിഷയത്തില്‍ ജയിച്ചില്ല. എന്‍ജിനിയറിങ് പ്രവേശനം ആഗ്രഹിക്കുന്നു. കീം എന്‍ജിനിയറിങ് പ്രവേശനപരീക്ഷ എഴുതി. പ്ലസ് ടു സേ പരീക്ഷ എഴുതി ജയിച്ചാല്‍ പ്രവേശനം കിട്ടുമോ?-ഹമീദ്, മലപ്പുറം

ന്‍ജിനിയറിങ് പ്രവേശനം തേടുന്നവര്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പഠിച്ച് മൂന്നിനും കൂടി 45 ശതമാനം മാര്‍ക്കുവാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കേരള ഹയര്‍ സെക്കന്‍ഡറിയാണ് ചെയ്തതെങ്കില്‍ രണ്ടു വര്‍ഷത്തെയും കൂടിയുള്ള മൊത്തം മാര്‍ക്ക് പരിഗണിച്ചാണ് അക്കാദമിക് യോഗ്യത നിശ്ചയിക്കുന്നത്. സംവരണ വിഭാഗക്കാര്‍ക്ക് മാര്‍ക്ക് ഇളവുണ്ട്. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു മാര്‍ക്ക് എത്രയായാലും പ്രവേശനപരീക്ഷാ ഘട്ടത്തില്‍ പ്ലസ്ടു മാര്‍ക്ക് പരിശോധിക്കില്ല. 

റാങ്ക് പട്ടികയില്‍ സ്ഥാനം നേടി സീറ്റ് അലോട്ട് ചെയ്താല്‍ കോളേജില്‍ പ്രവേശനത്തിനായി ചെല്ലുമ്പോഴാണ് അക്കാദമിക് യോഗ്യത തെളിയിക്കേണ്ടത്. ഈ സമയത്ത് യോഗ്യത തെളിയിച്ചില്ലെങ്കില്‍ അലോട്ട്‌മെന്റ് ഉണ്ടെങ്കിലും പ്രവേശനം ലഭിക്കില്ല. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ നിങ്ങള്‍ യോഗ്യത നേടിയാല്‍ (ഓരോ പേപ്പറിലും പത്തു മാര്‍ക്ക് വാങ്ങണം) എന്‍ജിനിയറിങ് റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. റാങ്ക് പട്ടിക തയ്യാറാക്കാന്‍, നിങ്ങളുടെ പ്ലസ് ടു രണ്ടാംവര്‍ഷ പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് മാര്‍ക്കുകള്‍ അപ് ലോഡ് ചെയ്യാന്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ ആവശ്യപ്പെടും.

അപ്പോള്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് രണ്ടാം വര്‍ഷത്തില്‍ ലഭിച്ച മാര്‍ക്കിനൊപ്പം മാത്തമാറ്റിക്‌സിനു ലഭിച്ച മാര്‍ക്ക് എത്രതന്നെയായാലും അതും നല്‍കണം. ഈ മൂന്നു വിഷയങ്ങളുടെ രണ്ടാംവര്‍ഷ പരീക്ഷയുടെ മാര്‍ക്ക് സമീകരിച്ചത് 300ല്‍ ആക്കിയതും എന്‍ട്രന്‍സിലെ മാര്‍ക്ക് 300ല്‍ ആക്കിയതും കൂട്ടി 600ല്‍ ഉള്ള മാര്‍ക്ക് പരിഗണിച്ചാണ് എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

റാങ്ക് പട്ടിക തയ്യാറായാല്‍ സേ പരീക്ഷ വഴി നിങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചാലും ആ മാര്‍ക്ക് പരിഗണിച്ച് റാങ്ക് പുനഃക്രമീകരിക്കില്ല. റാങ്ക് പട്ടികയില്‍ സ്ഥാനം ലഭിച്ചാല്‍ കേന്ദ്രീകൃത അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. സീറ്റ് കിട്ടിയാല്‍ കോളേജില്‍ പ്രവേശനത്തിനു ചെല്ലുന്ന വേളയ്ക്കകം സേ പരീക്ഷാഫലം വരുകയും യോഗ്യത നേടുകയും ചെയ്താല്‍ പ്രവേശനം ലഭിക്കും. ആ സമയത്തിനകം സേ ഫലം വന്നിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ മാത്തമാറ്റിക്‌സില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കില്ല.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാന്‍ സന്ദര്‍ശിക്കുക- https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Is Engineering admission possible even after failing in Mathematics, Ask expert